ലണ്ടന്‍: ഗുരുതരമായ രീതിയില്‍ അണുബാധയുണ്ടായ രോഗിയെ നേരിട്ട് പരിശോധിക്കാതെ മരുന്ന് നിര്‍ദ്ദേശിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത ഡോക്ടര്‍ക്ക് കൃത്യവിലോപത്തിന്റെ പേരില്‍ 1,28,000 പൗണ്ടിന്റെ പിഴയാണ് വിധിച്ചത്. ബെര്‍ക്ക്ഷയര്‍, ബ്രാക്ക്‌നീലിലെ വാട്ടര്‍ഫീല്‍ഡ് പ്രാക്റ്റീസില്‍ ജി പി ആയിരുന്ന ഡോക്ടര്‍ നുപുര്‍ മിട്ടലാണ് എന്‍ എച്ച് എസ് രോഗിയായ ഓറിയാന മെക്‌ഡൊണാള്‍ഡിനെ നേരിട്ട് കാണാന്‍ വിസമ്മതിച്ചത്. തീര്‍ത്തും അവശയായ അവസ്ഥയിലായിരുന്നു അപ്പോള്‍ അവര്‍. ചലന ശേഷിവരെ ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നിട്ടു കൂടി അവരെ നേരിട്ടെത്തി പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല.

57 കാരിയായ ഓറിയാന മെക്‌ഡൊണാള്‍ഡിനെ ഡോക്ടര്‍ നേരിട്ടെത്തി പരിശോധിക്കുകയോ അവരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തുകയോ ചെയ്തില്ല. അതിനു പകരമായി ഫോണിലൂടെ അവര്‍ക്ക് സെലുലിറ്റിസ് ആണെന്ന് വിധിക്കുകയും അതിനായി ചില ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രോഗം മൂര്‍ച്ഛിച്ച മെക്‌ഡൊണാള്‍ഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെ അവരുടെ ഉദരഭാഗത്തുള്ള കേടുപാടുകള്‍ സംഭവിച്ച കോശകലകള്‍ നീക്കം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന്, പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടതായി വന്ന മെക്‌ഡൊണാള്‍ഡ് ഡോക്ടര്‍ മിട്ടലിനെതിരെ തനിക്ക് വ്യക്തിപരമായി ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും, അനുഭവിക്കേണ്ടി വന്ന വേദനക്കും, തൊഴിലില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കും എല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍ മിട്ടലിനെതിരെ കേസ് നല്‍കുകയായിരുന്നു. 2018 ജൂലായ് 9 ന് മെക്‌ഡൊണാള്‍ഡ് സമീപിച്ചപ്പോള്‍, അവരെ നേരിട്ട് കാണാനോ അതല്ലെങ്കില്‍ എ ആന്‍ഡ് ഇ വിഭാഗത്തിലേക്ക് റെഫര്‍ ചെയ്യാനോ ശ്രമിക്കാത്ത ഡോക്ടറുടെ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നായിരുന്നു വാദിഭാഗം വാദിച്ചത്.

ഈ നിയമനടപടികള്‍ക്കെതിരെ പ്രതികരിക്കാതെ മിട്ടല്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി റീഡിംഗ് കൗണ്ടി കോര്‍ട്ട് നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ്, നഷ്ടപരിഹാരമായി നല്‍കാനുള്ള തുകയ്ക്കായി ഡോക്ടറുടെ, ബെര്‍ക്ക്ഷയറിലെ വീട് അറ്റാച്ച് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. സംഭവം നടക്കുന്ന 2018 ജൂലായ് മാസത്തില്‍ മിട്ടല്‍ ഇന്ത്യയില്‍ ആയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.