- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാട്ടിലെ രാജാവ് ട്രംപ്, കുരങ്ങുകളായി ഒബാമ ദമ്പതികള്‍! എഐ വീഡിയോയുമായി ട്രംപിന്റെ ക്രൂര വിനോദം; വംശീയ അധിക്ഷേപമെന്ന് ഡെമോക്രാറ്റുകളുടെ പ്രതിഷേധം; വെറുമൊരു ലയണ്‍ കിങ് മീം എന്ന് വൈറ്റ് ഹൗസ്; ട്രംപ് ചരിത്രത്തിലെ 'കറ' എന്ന് ഒബാമയുടെ അനുയായി
കാട്ടിലെ രാജാവ് ട്രംപ്, കുരങ്ങുകളായി ഒബാമ ദമ്പതികള്‍!

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെയും മിഷേല്‍ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി വൈകി പങ്കുവെച്ച ഈ വീഡിയോയില്‍ 2020-ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.
വീഡിയോയുടെ അവസാനം ചേര്‍ത്തിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ദൃശ്യത്തിലാണ് മുന്‍ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും മുഖം കുരങ്ങുകളുടെ ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 'ദ ലയണ്‍ സ്ലീപ്സ് ടുനൈറ്റ്' എന്ന പ്രശസ്തമായ പാട്ടും പശ്ചാത്തലത്തില്‍ നല്‍കിയിട്ടുണ്ട്. എക്‌സിലെ (X) ഒരു ട്രംപ് അനുകൂല അക്കൗണ്ടില്‍ നിന്നുള്ള ഈ വീഡിയോ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒബാമ കുടുംബത്തിനെതിരായ ട്രംപിന്റെ ഈ നീക്കം രാഷ്ട്രീയ മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 'പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ അറപ്പുളവാക്കുന്ന പെരുമാറ്റം' എന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ ഓഫീസ് ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ റിപ്പബ്ലിക്കന്‍ നേതാക്കളും ഇതിനെ ഉടന്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ വീഡിയോയിലെ ഒബാമയുടെ ചിത്രീകരണത്തെക്കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഈ പോസ്റ്റിന് തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കറുത്ത വര്‍ഗ്ഗക്കാരായ യാഥാസ്ഥിതികരുടെ ചരിത്രം വിവരിക്കുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒബാമയുടെ ജന്മസ്ഥലത്തെക്കുറിച്ച് ട്രംപ് ഉന്നയിച്ച തര്‍ക്കങ്ങള്‍ മുതല്‍ ഇരുവരും തമ്മിലുള്ള ശത്രുത നിലനില്‍ക്കുന്നുണ്ട്.
അതേസമയം, വൈറ്റ് ഹൗസ് ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ചു. 'ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയണ്‍ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന വെറുമൊരു മീം വീഡിയോ മാത്രമാണിത്. വ്യാജമായ പ്രകോപനങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കൂ,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ട്രംപ് വംശീയമായ അധിക്ഷേപമാണ് നടത്തുന്നതെന്ന് ട്രംപ് വിരുദ്ധ റിപ്പബ്ലിക്കന്‍ വിഭാഗവും ആരോപിച്ചു. 'ട്രംപിന്റെ അധഃപതനത്തിന് അതിരുകളില്ല,' എന്ന് 'റിപ്പബ്ലിക്കന്‍സ് എഗെയ്ന്‍സ്റ്റ് ട്രംപ്' എന്ന എക്‌സ് അക്കൗണ്ട് കുറിച്ചു. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ഒബാമയ്ക്കെതിരായ ആക്രമണം ട്രംപ് ശക്തമാക്കിയിരിക്കുകയാണ്. 2016-ലെ തെരഞ്ഞെടുപ്പില്‍ തന്റെ ക്യാമ്പയിന്‍ ഒബാമ നിരീക്ഷിച്ചുവെന്നും ഇത് രാജ്യദ്രോഹമാണെന്നും ട്രംപ് ആരോപിക്കുന്നു. ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ ചിത്രങ്ങളും ഇതിനുമുന്‍പ് ട്രംപ് പങ്കുവെച്ചിട്ടുണ്ട്.
ഒബാമ പ്രതികരിച്ചോ?
ട്രംപ് പങ്കുവെച്ച വിവാദ വീഡിയോയോട് ബറാക് ഒബാമയോ അദ്ദേഹത്തിന്റെ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഒബാമയുടെ വക്താവ് ഈ വിഷയത്തില്‍ ഉടനടി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഒബാമയുടെ അടുത്ത അനുയായിയും മുന്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറുമായ ബെന്‍ റോഡ്സ് (Ben Rhodes) ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമാണ്:
'ഭാവി തലമുറ ഒബാമയെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമായിരിക്കും സ്മരിക്കുക. എന്നാല്‍ ട്രംപിനെ ചരിത്രത്തിലെ ഒരു 'കറ' (Stain) ആയിട്ടായിരിക്കും അവര്‍ അടയാളപ്പെടുത്തുക. ഇത് ട്രംപിനെയും അദ്ദേഹത്തിന്റെ വംശീയരായ അനുയായികളെയും വേട്ടയാടട്ടെ.'


