ചാന്ദിപുര്‍: ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് ഇന്ത്യയുടെ കരുത്തന്‍ മിസൈല്‍ 'അഗ്നി-3' സജ്ജം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-3-ന്റെ പരിഷ്‌കരിച്ച പതിപ്പ് ഒഡിഷയിലെ ചാന്ദിപുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഈ മിസൈല്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വിസ്മയ കുതിപ്പായാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷണത്തിലൂടെ മിസൈലിന്റെ പ്രവര്‍ത്തനപരവും സാങ്കേതികവുമായ എല്ലാ ഘടകങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശത്രുരാജ്യങ്ങള്‍ ചങ്കിടിപ്പില്‍ അഗ്നി-3-ന്റെ പ്രഹരപരിധിയില്‍ അയല്‍രാജ്യങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും ഏതാണ്ടെല്ലാ പ്രധാന നഗരങ്ങളും ഉള്‍പ്പെടും. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ്, സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് എന്നിവ അഗ്നി-3-ന്റെ ലക്ഷ്യസ്ഥാനങ്ങളില്‍ നിന്ന് രക്ഷപ്പെടില്ല. ശത്രുക്കളുടെ ഏത് സൈനിക താവളത്തെയും തകര്‍ക്കാന്‍ 1500 കിലോഗ്രാം വരെയുള്ള പേലോഡ് (സ്‌ഫോടകവസ്തുക്കളോ അണ്വായുധമോ) വഹിക്കാന്‍ ഈ 50 ടണ്‍ ഭാരമുള്ള മിസൈലിന് ശേഷിയുണ്ട്.

അഗ്നി പരമ്പരയിലെ കരുത്തന്‍ ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വപ്ന പദ്ധതിയായ സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് അഗ്നി വികസിപ്പിച്ചത്. 700 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി-1 മുതല്‍ 5,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന അഗ്നി-5 വരെ നീളുന്ന മിസൈല്‍ പരമ്പര ഇന്ത്യയുടെ വജ്രായുധമാണ്. നിലവില്‍ 10,000 കിലോമീറ്റര്‍ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന 'അഗ്നി-6'-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആരംഭിച്ചിട്ടുണ്ട്. കടലില്‍ നിന്നും കരയില്‍ നിന്നും ഒരേപോലെ വിക്ഷേപിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.

പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച അഗ്നി-3 സേനയുടെ ഭാഗമാകുന്നതോടെ ഏഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ മേധാവിത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടും. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ മിസൈലുകള്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യയെ സജ്ജമാക്കുന്നു.