- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും കയറാം? തന്ത്രിയുടെ വാക്ക് അവസാന വാക്ക്; ഗുരുവായൂരിലും മാറ്റം വരുമോ? ഹൈക്കോടതി വിധിയില്‍ പുതിയ ചര്‍ച്ച

കൊച്ചി: അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ക്രൈസ്തവ പുരോഹിതന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ ക്ഷേത്രപ്രവേശന നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നേക്കും. തന്ത്രിയുടെ അനുമതിയോടെ അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാരലംഘനമല്ലെന്ന കോടതി നിരീക്ഷണം, ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അഹിന്ദു പ്രവേശന വിലക്കിനെപ്പോലും പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.
2023-ല്‍ കടമ്പനാട് ക്ഷേത്രത്തിലെത്തിയ ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങളില്‍ തന്ത്രിയാണ് അവസാന വാക്ക്. അതുകൊണ്ട് തന്നെ അദ്ദേഹം അനുവദിച്ചാല്‍ അതിഥി എന്ന നിലയില്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഇത് നിലവിലെ നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ലംഘനമല്ലെന്ന് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈ വിധി നടപ്പിലായാല്‍, തന്ത്രിയുടെ അനുമതിയോടെ വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് ഏത് ക്ഷേത്രത്തിലും പ്രവേശിക്കാനുള്ള ധാര്‍മ്മികമായ പച്ചക്കൊടിയാകും ഇത്.
വൈരുദ്ധ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ നിലവിലെ നിയമവും ചട്ടവും തമ്മിലുള്ള വലിയ വൈരുദ്ധ്യം കോടതി എടുത്തുപറഞ്ഞു. 1965-ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍, ഇതിനു കീഴില്‍ രൂപീകരിച്ച ചട്ടം 3 (എ)-യിലാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമവും ചട്ടവും തമ്മില്‍ തര്‍ക്കം വന്നാല്‍ നിയമമാണ് നിലനില്‍ക്കുക എന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അഹിന്ദുക്കളെ തടയുന്ന പഴയ ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളായ ഭക്തര്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യം ദശാബ്ദങ്ങളായി ഉയരുന്നതാണ്. ഹൈക്കോടതിയുടെ ഈ പുതിയ നിരീക്ഷണം സര്‍ക്കാരിന് ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ വലിയ അവസരമാണ് നല്‍കുന്നത്. തന്ത്രിമാരും ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുത്താല്‍, പ്രശസ്തരായ പല അഹിന്ദു ഭക്തര്‍ക്കും ക്ഷേത്രദര്‍ശനം സാധ്യമായേക്കും.
സാമൂഹിക ഐക്യം തകര്‍ക്കുന്നതാകരുത് നിയമങ്ങളെന്നും പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവുമാണ് പ്രധാനമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചട്ടങ്ങളിലും മാറ്റം വരണമെന്ന കോടതിയുടെ ഈ നിര്‍ദ്ദേശം കേരളത്തിന്റെ മതനിരപേക്ഷ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാകുമെന്നുറപ്പാണ്.


