കൊച്ചി: ചെന്നൈയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പുലിവാല് പിടിച്ചിരിക്കുന്നത് മറ്റൊരു നടിയാണ്. അതേ പേരുള്ള യുവ നടി അഞ്ജു കൃഷ്ണ അശോക്. പിടിയിലായ അഞ്ജു കൃഷ്ണയുടെ ഫോട്ടോയ്ക്ക് പകരം യുവ നടി അഞ്ജു കൃഷ്ണ അശോകിന്റെ ഫോട്ടോയാണ് പല മാധ്യമങ്ങളും വാര്‍ത്തയ്ക്കൊപ്പം നല്‍കിയത്. തന്റെ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ നടി അഞ്ജു കൃഷ്ണ അശോക് രംഗത്ത് വന്നിരിക്കുകയാണ്. പേര് സാമ്യമുള്ളതിനാല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും തന്റെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത് തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് നടി വ്യക്തമാക്കി. എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നാണ് അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

പിടിയിലായ അഞ്ജു കൃഷ്ണ താനല്ലെന്നും, കേവലം പേര് സാമ്യമുള്ളതിനാല്‍ തന്റെ ചിത്രങ്ങള്‍ ടാഗ് ചെയ്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു. തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി മുന്നറിയിപ്പ് നല്‍കി. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവര്‍ പല മാഗസീനുകളും കവര്‍ ഗേള്‍ ആയി എത്തിയിരുന്നു.

രഹസ്യവിവരത്തെത്തുടര്‍ന്ന് ചെന്നൈ പോലീസിലെ മഫ്തി സംഘം നടത്തിയ പരിശോധനയിലാണ് നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ പിടിയിലായത്. നടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിന്‍സി നിവേദ, ലഹരി ഇടപാടുകാരന്‍ വെങ്കിടേശ് കുമാര്‍ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് മെത്താഫിറ്റമിന്‍, ഒജി കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ കണ്ടെടുത്തിരുന്നു. ജോജു ജോര്‍ജ് നായകനായ 'ആരോ' എന്ന സിനിമയിലും തമിഴ് ചിത്രം 'വെള്ളിമലൈ'യിലും അഭിനയിച്ച അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

അഞ്ജു കൃഷ്ണ അശോകിന്റെ വാക്കുകള്‍:

ഇപ്പോള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അടുത്തകാലത്തെ അറസ്റ്റുമായി ബന്ധപ്പെട്ട നടി ഞാന്‍ അല്ല എന്ന് വ്യക്തമായി അറിയിക്കുന്നു. പേര് സാമ്യമുള്ളതിനാല്‍ എന്റെ ഫോട്ടോകള്‍ തെറ്റായി ഉപയോഗിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നത് എനിക്കും എന്റെ കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ലഘുവായി കാണാനാകുന്ന വിഷയം അല്ല.

എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ തെറ്റായ പ്രചരണം തുടരുന്ന പക്ഷം, നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. ദയവായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക.അഭിനയിച്ച സിനിമകള്‍ സുമേഷ് &രമേശ്,കൈപ്പോളാ ,പ്രതി പൂവന്‍കോഴി , പറന്ന് പറന്ന് ചെല്ലാന്‍, ആദ്യ രാത്രി.

അതേസമയം ഇതാദ്യമായിട്ടല്ല അഞ്ജു കൃഷ്ണ അശോകിന് ഇതുപോലൊരു അനുഭവമുണ്ടാകുന്നത്. 2023 ല്‍ തൃക്കാക്കരയില്‍ നാടക നടി അഞ്ജു കൃഷ്ണ പിടിയാലയപ്പോഴും വാര്‍ത്തയ്ക്കൊപ്പം വന്നത് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രങ്ങളായിരുന്നു. അന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാക്കരുതെന്നും അഞ്ജു കൃഷ്ണ അശോക് പറഞ്ഞിരുന്നു.


വ്യക്തത വരുത്തി 'അമ്മ'

ലഹരിവസ്തുക്കളുമായി ചെന്നൈയില്‍ മലയാളി യുവനടിയും തമിഴ് ചിത്രങ്ങളിലെ സഹസംവിധായികയും പിടിയിലായ സംഭവത്തിലെ വ്യാജപ്രചാരണങ്ങളില്‍ വ്യക്തത വരുത്തി താരസംഘടന 'അമ്മ' രംഗത്ത് വന്നു. പിടിയിലായ നടിയുടെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോ മറ്റൊരു നടിയുടേതാണെന്ന് സംഘടന വ്യക്തമാക്കി. 'അമ്മ' അംഗമായ അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രമുപയോഗിച്ച് പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാണ് സംഘടനയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയില്‍ പറയുന്നത്.

'ഈ ഫോട്ടോ അഭിനേത്രിയും അമ്മ അംഗവുമായ അഞ്ജു കൃഷ്ണന്റേതാണ്. ഈ അഭിനേത്രിയുടെ ചിത്രമുപയോഗിച്ച് പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഇത്തരം അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്', എന്നാണ് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ സംഘടന വ്യക്തമാക്കിയത്. മറ്റൊരു സ്റ്റോറിയില്‍, പിടിയിലായ നടിയുടെ ചിത്രം പങ്കുവെച്ചും താരസംഘടന വ്യക്തതവരുത്തി.