- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രപതിയുടെ കണ്ണു നിറഞ്ഞാല്‍ തൂവാല; മകനെ പോലെ സംരക്ഷിക്കുന്ന സൈനികന്; ബോളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്ക്; 'നാഷണല്‍ ക്രഷ്' എന്ന് സോഷ്യല്‍മീഡിയ; ഫാന്‍പേജുകളില്‍ വീഡിയോകള്‍ നിറയുന്നു

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ കുറച്ചുനാളായി ഒരാളുടെ പുറകെയാണ്, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ (എയ്ഡ്-ദി-ക്യാമ്പ്) മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ ആണത്. പതിവ് വൈറല്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനായ ആളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഋഷഭ് സിങ്ങിന്റെ മുഖഭാവവും പഴയ ബോളിവുഡ് താരങ്ങളെ പോലുള്ള ലുക്കും ഫിറ്റ്‌നസുമാണ് അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുക്കുന്നത്. നാഷണല്‍ ക്രഷ് എന്നൊരു ഓമനപ്പേരും മേജറിന് ഇട്ടുകഴിഞ്ഞു സോഷ്യല്‍മീഡിയ.
2021ലാണ് ഋഷഭ് സിങ് ആദ്യമായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. അന്ന് ജാട്ട് റെജിമന്റ് ക്യാപ്റ്റനായ സിങ് റിപ്പബ്ലിക് ദിന പരേഡില്‍ സംഘത്തെ നയിച്ച് ബെസ്റ്റ് മാര്‍ച്ചിങ് കോണ്ടിജെന്റ് ട്രോഫി സ്വന്തമാക്കി. ഒരിക്കല്‍ പ്രസംഗത്തിനിടെ പ്രസിഡന്റ് ദ്രൗപദി മുര്‍മു വികാരാധീനയായപ്പോള്‍ അദ്ദേഹം തൂവാല നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. മറ്റൊരിക്കല്‍ മഴയത്ത് പ്രസിഡന്റിന് കുടചൂടിക്കൊടുക്കുന്ന ചിത്രവും സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡിനിടെ പ്രസിഡന്റിനു സമീപം ഇരുന്ന് അവരോട് സൗമ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഋഷഭ് സിങ്ങിന്റെ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ പേരില്‍ എണ്ണിയാല്‍ തീരാത്ത ഫാന്‍ പേജുകള്‍ വരെ നിലവിലുണ്ട്. രാഷ്ട്രപതിയുടെ കൂടെയുള്ള ഒട്ടേറെ വീഡിയോകളാണ് ഫാന്‍ പേജുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. അവ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്യുന്നു. ഒരു വൈകാരികനിമിഷത്തില്‍ കണ്ണീരടക്കാന്‍ കഴിയാതെ രാഷ്ട്രപതി പാടുപെടുമ്പോള്‍, മേജര്‍ ഒരു തൂവാലയെടുത്തുകൊടുക്കുന്ന വീഡിയോയാണ് അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടത്. രാഷ്ട്രപതി-എഡിസി എന്ന ബന്ധത്തിനപ്പുറം അമ്മ-മകന്‍ ബന്ധമാണ് അവര്‍ക്കിടയിലുള്ളതെന്നൊണ് ചിലരുടെ നിരീക്ഷണം. തന്റെ ജോലി അങ്ങേയറ്റം ആത്മാര്‍ഥതയോടെയും ജാഗ്രതയോടെയും ചെയ്യുന്ന മേജറിനെ പ്രശംസിച്ചുകൊണ്ടാണ് വീഡിയോകളെല്ലാം പ്രചരിക്കുന്നത്.
'മേജറിന് തന്റെ ഫാന്‍ ഫോളോയിങ്ങിനെ കുറിച്ച് ധാരണയുണ്ടോ?', 'രാജ്യംമുഴുവന്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമോ?', 'ഇദ്ദേഹം ശരിക്കുമൊരു ഗ്രീന്‍ ഫ്ളാഗ് തന്നെ', 'ജെന്റില്‍മാന്‍'...വീഡിയോകള്‍ക്കുതാഴെ കമന്റുകള്‍ നിറയുകയാണ്. ജമ്മുവിലെ ദോഗ്ര രജപുത് സമൂഹത്തില്‍നിന്നുള്ളയാളാണ് ഋഷഭ് സിങ്. ഈ സമൂഹത്തില്‍നിന്നുള്ള ഒട്ടേറെ പേരാണ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നത്. ധീരതയുടെ കഥകള്‍ കേട്ടാണ് അദ്ദേഹം വളര്‍ന്നതും. അങ്ങനെയാണ് സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും.
സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്നു തന്നെ ശ്രദ്ധനേടുന്ന അദ്ദേഹത്തിന്റെ വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ''അദ്ദേഹം വളരെ ആകര്‍ഷണീയനാണ്.'' എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ''ഇത് കാണുമ്പോള്‍ പ്രസിഡന്റാകാന്‍ തോന്നുന്നു.'' എന്ന് ചിലര്‍ തമാശയായി കമന്റ് ചെയ്തു. 'മകനെ പോലെ ഒരാള്‍ അവരെ സംരക്ഷിക്കുന്നതില്‍ പ്രസിഡന്റ് ഭാഗ്യവതിയാണ്'എന്നിങ്ങനെയും കമന്റുകള്‍ എത്തി.
എന്താണ് എഡിസി?
പ്രസിഡന്റ്, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഒരു എഡിസി അല്ലെങ്കില്‍ എയ്ഡ്-ഡി-ക്യാമ്പ് ഉണ്ടാവും. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ഇവരുടെ ചുമതലയാണ്. അതിനൊപ്പം അവരുടെ ഔദ്യോഗികയാത്രകളും മറ്റും ഏകോപിപ്പിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും എഡിസിയുടെ ചുമതലയാണ്.


