- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കറാച്ചി കത്തുന്നത് യാദൃശ്ചികമല്ല! ഒരേസമയം അഞ്ചിടത്ത് തീ, കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കാന്‍ സ്‌ഫോടനം; പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനത്തെ ചാരമാക്കാന്‍ 'അജ്ഞാത കരങ്ങള്‍'; വ്യോമസേനാ മ്യൂസിയം മുതല്‍ കോടതി വരെ കത്തിച്ചു; 79 പേര് വെന്തുമരിച്ച മാള്‍ ദുരന്തത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ അട്ടിമറി ഭീതി

കറാച്ചി: പാക്കിസ്ഥാന്റെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം എന്ന വിശേഷണമുള്ള തുറമുഖ നഗരമായ കറാച്ചിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയരുന്ന അഗ്നിബാധയും പുകപടലങ്ങളും ആസൂത്രിതമെന്ന സംശയം ഉയര്‍ത്തി അധികൃതര്‍. തീപിടിത്തം കേവലം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ളതാണെന്ന് വിശ്വസിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ജനുവരി അവസാനം ഗുല്‍ പ്ലാസയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം തീ പടരുന്നത് വലിയൊരു ഗൂഢാലോചനയുടെ സൂചനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. തീപിടിത്തങ്ങളില്‍ അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം. ജനുവരി അവസാനം നഗരത്തിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ഗുല്‍ പ്ലാസയിലുണ്ടായ തീപിടിത്തത്തിനു ശേഷം ഒട്ടേറെ ഇടങ്ങളില്‍ തീ പടര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലുണ്ടായ സംഭവങ്ങളാണ് തീപിടിത്തം ആസൂത്രിതമാണെന്ന സംശയം അധികൃതരിലുണ്ടാക്കിയത്.
വെള്ളിയാഴ്ച നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് സ്റ്റേഷനില്‍ സ്‌ഫോടനം ഉണ്ടായി. ഇതുകാരണം കറാച്ചിയില്‍ ലക്ഷക്കണക്കിനു ആളുകള്‍ക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. എന്നാല്‍ ഇതിനു പിന്നാലെ നഗരത്തില്‍ അഞ്ചിടങ്ങളില്‍ തീപിടിത്തമുണ്ടായതാണ് ഏറെ ദുരൂഹത സൃഷ്ടിച്ചത്. അന്വേഷണ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് നസീര്‍ ഷെയ്ഖ് പറഞ്ഞു. അതേസമയം അഗ്‌നിരക്ഷാ സേനയും തീപിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കറാച്ചിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ നഗരത്തെ സ്തംഭിപ്പിച്ചു. വെറും തീപിടിത്തങ്ങള്‍ മാത്രമല്ല, നഗരത്തിലെ ജലവിതരണ ശൃംഖലയെപ്പോലും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. നഗരത്തിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പമ്പിങ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനം പരിഭ്രാന്തി പടര്‍ത്തി. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ നഗരത്തിന്റെ വിവിധ അഞ്ചു കേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടായി. പ്ലാസ്റ്റിക് ഫാക്ടറി മുതല്‍ പാക്ക് വ്യോമസേനയുടെ മ്യൂസിയം, കോടതി സമുച്ചയം, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വരെ തീ പടര്‍ന്നത് അട്ടിമറി സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ജനുവരി 17 ന് കറാച്ചിയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 79 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് ദിവസമെടുത്താണ് ഇവിടെ തീ കെടുത്തിയത്. ശേഷം നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങളില്‍നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഈ സംഭവത്തിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും നഗരത്തില്‍ തീപിടിത്തം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് വലിയ തീപിടിത്തമുണ്ടായത്. ഇതിനു പുറമെ നഗരത്തിലെ പാക്ക് വ്യോമസേനയുടെ മ്യൂസിയം, കോടതി സമുച്ചയം, സര്‍ക്കാര്‍ ഓഫിസ് എന്നിവിടങ്ങളിലും തീപിടിത്തമുണ്ടായി.
പ്രധാന സ്ഥാപനങ്ങളെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും (കുടിവെള്ളം പോലുള്ളവ) ഒരേസമയം ലക്ഷ്യം വെക്കുന്നത് നഗരത്തിന്റെ സമാധാനം തകര്‍ക്കാനുള്ള നീക്കമായി കരുതപ്പെടുന്നു. ഓരോ തീപിടിത്തത്തിന്റെയും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന ശാസ്ത്രീയ പരിശോധനകള്‍ നടത്തിവരികയാണ്. പാക്കിസ്ഥാന്റെ സാമ്പത്തിക അടിത്തറയായ കറാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ ഇടയാക്കും. അജ്ഞാതരായ ഈ 'അഗ്‌നിബാധയുടെ ശില്പികളെ' കണ്ടെത്താന്‍ പാക് അന്വേഷണ ഏജന്‍സികള്‍ നെട്ടോട്ടമോടുകയാണ്. കറാച്ചിയിലെ ഓരോ പുകച്ചുരുളിലും ഇപ്പോള്‍ ഭീതിയുടെ നിഴല്‍ പടര്‍ന്നിരിക്കുന്നു.


