- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ 20 രൂപയ്ക്ക് വേണ്ടി വേട്ടയാടിയത് 30 വര്‍ഷം; പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച കേസ് പൊളിഞ്ഞത് മൂന്ന് പതിറ്റാണ്ടിന് ശേഷം! ഒടുവില്‍ ബാബുഭായ് പ്രജാപതിക്ക് നീതി ലഭിച്ചു; നിരപരാധിയെന്ന് കോടതി വിധിച്ചതിന്റെ പിറ്റേന്ന് മരണം

അഹമ്മദാബാദ്: വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് വേട്ടയാടപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ബാബുഭായ് പ്രജാപതി, 30 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം അന്തരിച്ചു. കൈക്കൂലി കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വിയോഗം. 30 വര്‍ഷത്തിന് ശേഷമാണ് കോണ്‍സ്റ്റബിളായിരുന്ന ബാബുഭായ് പ്രജാപതിയെ കോടതി കുറ്റവിമുക്തനാക്കുന്നത്. തൊട്ടടുത്ത ദിവസം ഇയാള്‍ മരണപ്പെടുകയായിരുന്നു. 1996 ലാണ് 20 രൂപ കൈക്കൂലി കേസില്‍ ബാബുഭായ് അറസ്റ്റിലാകുന്നത്.
അഴിമതി നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. 1997 ലാണ് കോടതി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2003 ല്‍ വിചാരണ ആരംഭിച്ചു. 2004 ല്‍ നാലു വര്‍ഷം തടവും 3000 രൂപ പിഴയും വിധിച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയിലെത്തി. 22 വര്‍ഷകാലമാണ് കത്തിരിപ്പിന് ശേഷം ഫെബ്രുവരി നാലിനാണ് കോടതി കുറ്റവിമുക്തനാക്കിയത്. സാക്ഷികളുടെ മൊഴികളില്‍ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കെട്ടിപ്പൊക്കിയതെന്ന് പ്രജാപതിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ നിതിന്‍ ഗാന്ധി ഹൈക്കോടതിയില്‍ പറഞ്ഞു. കോടതി വിധിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ബാബുഭായ് തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.
'എന്റെ ജീവിതത്തില്‍ നിന്ന് കളങ്കം നീക്കപ്പെട്ടു. ദൈവം എന്നെ കൊണ്ടുപോയാലും എനിക്ക് ദുഃഖമുണ്ടാകില്ല' എന്നാണ് ഹൈക്കോടതിയുടെ കുറ്റവിമുക്തനാക്കിയ ശേഷം അദ്ദേഹം പറഞ്ഞത്. വിധി പുറത്ത് വന്നതിനു പിന്നാലെ വീട്ടിലേക്ക് പോയ പ്രജാപതി അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. വിധി വന്ന ശേഷം തങ്ങളെ കാണാനെത്തുമ്പോള്‍ അദ്ദേഹം നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രജാപതിക്കുണ്ടായ നഷ്ടത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കണമെന്ന് താന്‍ പറഞ്ഞതായും എന്നാല്‍ അടുത്ത ദിവസം ഹൃദയാഘാതം മൂലം മരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നതിന് പകരമായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കണമെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നുവെങ്കിലും അതിന് കാത്ത് നില്‍ക്കാതെ അയാള്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു.


