തിരുവനന്തപുരം: നഗരഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെത്തിയിട്ടും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങളുടെ പുകയടങ്ങുന്നില്ലെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ ബിജെപി കൗണ്‍സിലര്‍മാരുടെ സംഘം ഡല്‍ഹിയിലേക്ക് തിരിക്കുമ്പോള്‍, ആര്‍. ശ്രീലേഖയുടെ അസാന്നിധ്യമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്‌സ്പ്രസിലാണ് ഡല്‍ഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗണ്‍സിലര്‍മാരും മുന്‍സിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തില്‍ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികള്‍ക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്‌സ്പ്രസ്സില്‍ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളില്‍ സ്വീകരണം നല്‍കും.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിക്ക് പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ പോകുന്നില്ലെന്നാണ് വിവരം. മൂന്ന് ദിവസം ട്രെയിനില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡല്‍ഹിയില്‍ വിമാനത്തില്‍ എത്തുമെന്നാണ് വിവരം. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപനും സംഘത്തില്‍ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച ശേഷമാണ് എം.ആര്‍. ഗോപന്‍ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. എംആര്‍ ഗോപനും ശ്രീലേഖയും അമ്മമാര്‍ക്ക് അസുഖമായതിനാല്‍ യാത്രയില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാര്‍ഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.

ട്രെയിന്‍ യാത്രക്കായി എല്ലാവര്‍ക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു. എന്നാല്‍ വിമാനമാര്‍ഗം ആര്‍ ശ്രീലേഖ എത്തുമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗണ്‍സിലര്‍മാരുടേയും ഡല്‍ഹി യാത്ര. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു. തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി ആര്‍. ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തിയപ്പോള്‍ സ്റ്റേജില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ശ്രീലേഖയുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയതോതില്‍ ഇത് ചര്‍ച്ചാവിഷയമായിരുന്നു. അസ്വാരസ്യങ്ങള്‍ക്കിടയിലും വികസന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി ഭരണസമിതി മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിലൂടെ നഗരവികസനത്തിന് കേന്ദ്രത്തിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.