ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലീം വിഭാഗത്തിന് നേരെ വെടിയുതിര്‍ക്കുന്നതായി ചിത്രീകരിക്കുന്ന എഐ വീഡിയോ പങ്കുവെച്ച അസം ബിജെപിയുടെ നടപടിക്കെതിരെ പ്രതിഷേധം കടുക്കുന്നു. വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണിതെന്നും ഇതിനെതിരെ കോടതി അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണത്തിനു പിന്നാലെ ബിജെപി വിഡിയോ നീക്കം ചെയ്‌തെങ്കിലും അതിനെപ്പറ്റിയുള്ള വിവാദം തുടരുകയാണ്. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്.

ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു വിഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ കോടതി ഇടപെടണമെന്നും വേണുഗോപാല്‍ പറഞ്ഞു. വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ചിത്രം നീക്കം ചെയ്‌തെങ്കിലും അതിനു മുന്‍പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ധാരാളം സമയം നല്‍കിയിരുന്നുവെന്നും അവര്‍ ആരോപിച്ചു.

അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് തൊപ്പി ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനു നേരെ ഹിമന്ത തോക്കു ചൂണ്ടുന്ന വിഡിയോയാണ് ബിജെപി അസം ഘടകം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. ഗൊഗോയ്ക്കു സമീപം താടി വച്ച ഒരാളുടെ ചിത്രവുണ്ടായിരുന്നു. ഇവരുടെ ഫോട്ടോ പതിപ്പിച്ച ബോര്‍ഡില്‍ 'നോ മേഴ്‌സി' എന്നും എഴുതിയിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിന്റെ ക്യാപ്ഷനായി കൊടുത്തത് 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്നുമായിരുന്നു.

മുസ്ലീം ജനസംഖ്യ 90 ശതമാനമായി മാറുമെന്ന തെറ്റായ കണക്കുകളും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതോടെ അസം ബിജെപി തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. എന്നാല്‍ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

അസം ബിജെപിയുടെ നടപടി യുഎപിഎ വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മതവിദ്വേഷം വളര്‍ത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ബിജെപി ലംഘിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വീഡിയോ വിവാദത്തിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് നേതാവ് ഗൗറവ് ഗോഗോയിയും തമ്മിലും വാക് പോര് കടുത്തു. ഗൗറവ് ഗോഗോയിയുടെ ഭാര്യയ്ക്ക് പാക്കിസ്ഥാന്‍ ഏജന്റുമാരുമായി അടുത്ത ബന്ധമുണ്ടെന്നും ഗോഗോയി ഒരു 'പാക് ഏജന്റ്' ആണെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടേത് പച്ചക്കള്ളമാണെന്നും സ്വന്തം അഴിമതികള്‍ മൂടിവയ്ക്കാനാണ് ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഗൗറവ് ഗോഗോയി തിരിച്ചടിച്ചു.