ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി മേധാവിയുമായ അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം. എന്‍സിപി (എസ്പി) നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ രോഹിത് പവാര്‍ ആണ് ആരോപണം ഉന്നയിച്ചത്. പൈലറ്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് വിമാനാപകടത്തിലേക്ക് നയിച്ചത്. നിര്‍ബന്ധിത ലാന്‍ഡിംഗിന് തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പവാര്‍ അവകാശപ്പെട്ടു. പൈലറ്റ് മദ്യപിച്ചിരുന്നോയെന്ന സംശയമാണ് രോഹിത് മുന്നോട്ടുവച്ചത്. പൈലറ്റിന്റെ ആല്‍ക്കഹോള്‍ ടെസ്റ്റ് പോസ്റ്റിറ്റീവായിരുന്നുവെന്നും വിമാനത്തില്‍ കൂടുതല്‍ ഇന്ധനം നിറച്ചത് അപകട കാരണമായെന്നും രോഹിത് പവാര്‍ പറഞ്ഞു.

അനന്തരവനും എന്‍സിപി(എസ് പി) എംഎല്‍എയുമായ രോഹിത് പവാര്‍. അപകടം നടന്ന ബരാമതിയിലെ റണ്‍വേ 29 ഏറ്റവും സുരക്ഷിതമാണെന്നും ഇവിടെ ലാന്‍ഡ് ചെയ്യാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പൈലറ്റ് റണ്‍വേ 11നായി നിര്‍ബന്ധം പിടിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിമാനത്തില്‍ കൂടുതല്‍ ഇന്ധന ടാങ്കുകള്‍ ശേഖരിച്ച് ബോംബിന് സമാനമാക്കിയതാണ് പലവട്ടം വിമാനം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത്. വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ഒരു മിനിറ്റ് മുന്‍പ് ഓഫ് ചെയ്തു. മാത്രമല്ല വാണിംഗ് സിസ്റ്റം പ്രവര്‍ത്തിച്ചില്ലെന്നും രോഹിത് പവാര്‍ ആരോപിക്കുന്നു. പൈലറ്റിനെ മാറ്റിയതിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് രോഹിത് പവാറിന്റെ ആവശ്യം.

'എല്ലാവരുടെ മനസിലും ഇതൊരു അപകടമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന ചോദ്യമുണ്ട് ?'' അദ്ദേഹം പറഞ്ഞു. ''വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ ഉണ്ടായിരുന്നോ?, സിസിടിവി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യണം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധം മാത്രമല്ല, ഒരു ബോംബായും പ്രവര്‍ത്തിക്കുന്നു. ഇന്ധനം ലാഭിക്കാന്‍ പൈലറ്റിനോട് നിര്‍ദ്ദേശിച്ചോ?, എന്തുകൊണ്ടാണ് അവര്‍ മറ്റൊരു റൗണ്ട് എബൗട്ട് എടുക്കാത്തത്? ലാന്‍ഡിംഗിന് ഒരു ബദല്‍ മാര്‍ഗം ഉണ്ടായിരുന്നോ?'' തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

'ജനുവരി 27 ന് വൈകുന്നേരം മുംബൈയില്‍ നിന്ന് പൂനെയില്‍ എത്താന്‍ ദാദ പോകേണ്ടതായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് ഷെഡ്യൂള്‍ മാറ്റിയത്?. അദ്ദേഹത്തിന്റെ വാഹനവ്യൂഹവും തയ്യാറായിരുന്നു. ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കാണാന്‍ വന്നു. അദ്ദേഹം വൈകിയത് കൊണ്ടാണ് യാത്രാ പദ്ധതി മാറ്റിയത്. തുടര്‍ന്ന് 28 ന് രാവിലെ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.' 'ദാദ വിമാന യാത്രകളില്‍ വളരെ ശ്രദ്ധാലുവായിരുന്നു.അതില്‍ അദ്ദേഹം ഒരിക്കലും റിസ്‌ക് എടുത്തിരുന്നില്ല. കൃത്യസമയത്ത് വിമാനത്താവളത്തിലെത്തി, പക്ഷേ വൈകിയാണ് പോയത്.' അജിത് പവാര്‍ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാനും അന്വേഷണ ഏജന്‍സികളോട് പവാര്‍ ആവശ്യപ്പെട്ടു. 'AAIB (UK), BEA, NTSB - ഇവയില്‍ ഏതെങ്കിലും ഒന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് പുറമെ അന്വേഷിക്കണം' എന്ന് അദ്ദേഹം പറഞ്ഞും.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അജിത് പവാറിന്റെ കുടുംബത്തെ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനിയായ വിഎസ്ആര്‍ വെന്‍ച്വേഴ്സ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. കൃത്രിമങ്ങള്‍ നടക്കുന്നതിന് മുമ്പ് ഈ കമ്പനിയുടെ കോണ്‍ട്രാക്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജനുവരി 28നാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വന്തം മണ്ഡലമായ ബാരാമതിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ വിമാനം തകര്‍ന്ന് അജിത് പവാര്‍ മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനും ഫ്ളൈറ്റ് ക്രൂവുമുള്‍പ്പെടെ മറ്റ് നാലുപേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. റൂറല്‍ ബോഡി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പബ്ലിക്ക് റാലികളില്‍ പങ്കെടുക്കാനിരിക്കവേയാണ് അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്.