ന്യൂഡല്‍ഹി: അധിക്ഷേപകരമായ നിര്‍മിതബുദ്ധി (എഐ) - ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ക്ക് തടയിടുന്നതിനടക്കം ഇന്ത്യയിലെ ഡിജിറ്റല്‍ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 2026-ലെ ഐടി ഭേദഗതി ചട്ടങ്ങള്‍ (Information Technology Amendment Rules, 2026) കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. നിര്‍മ്മിതബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡീപ്ഫേക്കുകള്‍ക്കും വ്യാജ സന്ദേശങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ഈ നിയമം. ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ അധിക്ഷേപകരമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടിവരും. നിര്‍മ്മിതബുദ്ധി (എഐ) സഹായത്തോടെ സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കിക്കൊണ്ട് നിര്‍ബന്ധമായും ലേബല്‍ ചെയ്യുകയും വേണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന മോശപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് തടയിടാനൊരുങ്ങുന്നത്.

എഐ ടൂളുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഏതൊരു ഉള്ളടക്കവും വ്യക്തമായി ലേബല്‍ ചെയ്തിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പാക്കണം. അവയില്‍ അപ്ലോഡ് ചെയ്യുന്നവ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആണോ എന്ന് ഉപയോക്താക്കള്‍ വ്യക്തമാക്കണം. പുതിയ നിയമങ്ങള്‍ക്ക് വിരുദ്ധമോ ദോഷകരമോ ആയ ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എഐ നിര്‍മ്മിത ഉള്ളടക്കം ശരിയായി വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. എഐയുടെയും ഡീപ്‌ഫേക്കുകളുടെയും ദുരുപയോഗം തടയുക എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമഭേദഗതി ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സ് ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നതാണിത്. യഥാര്‍ഥമോ ആധികാരികമെന്ന് തോന്നുന്നതോ യഥാര്‍ഥ ഉപയോക്താക്കള്‍ക്ക് വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളതുമായ എഐ നിര്‍മ്മിത അല്ലെങ്കില്‍ എൈ ഉപയോഗിച്ച് മാറ്റം വരുത്തിയ ഓഡിയോ, വീഡിയോ, വിഷ്വല്‍ ഉള്ളടക്കം എന്നിവയെല്ലാം നിയമ ഭേഗദതിയുടെ പരിധിയില്‍വരും. ഡീപ്‌ഫേക്കുകള്‍, വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, തട്ടിപ്പ്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എഐ ദുരുപയോഗത്തെക്കുറച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് കേന്ദ്ര നീക്കം.

സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍ (SGI)?

ആദ്യമായാണ് ഇന്ത്യന്‍ നിയമത്തില്‍ 'SGI' എന്ന വാക്കിന് കൃത്യമായ നിര്‍വ്വചനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആയ, യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സാധാരണ നിലയിലുള്ള കളര്‍ കറക്ഷന്‍, നോയ്സ് റിഡക്ഷന്‍, തര്‍ജ്ജമ (Translation) എന്നിവയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍, പരിശീലന സാമഗ്രികള്‍, പിഡിഎഫ് പ്രസന്റേഷനുകള്‍ എന്നിവയെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ ചട്ടങ്ങള്‍

ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി ഉത്തരവാദിത്തം കൂടും. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഉള്ളടക്കങ്ങളില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ലേബല്‍ പതിപ്പിക്കണം. ഉള്ളടക്കം എവിടെ നിന്ന് ഉറവിടം കൊണ്ടുവെന്നത് കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലുള്ള മെറ്റാഡാറ്റയും യൂണിക് ഐഡന്റിഫയറുകളും ഉള്‍പ്പെടുത്തണം. ഇവ പിന്നീട് നീക്കം ചെയ്യാന്‍ പാടുള്ളതല്ല.

ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് അത് എഐ നിര്‍മ്മിതമാണോ എന്ന് പ്ലാറ്റ്ഫോമുകള്‍ ഉപയോക്താവിനോട് ചോദിക്കണം. ഇത് പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിക്കുകയും വേണം.

മുന്‍പ് നിര്‍ദ്ദേശിച്ചിരുന്ന 10% വലിപ്പമുള്ള വാട്ടര്‍മാര്‍ക്ക് എന്ന വ്യവസ്ഥ ഒഴിവാക്കി. പകരം വ്യക്തമായ ലേബലിംഗ് മതിയെന്ന് പുതിയ ചട്ടം പറയുന്നു.നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കിമുന്‍പുണ്ടായിരുന്ന സമയപരിധികള്‍ സര്‍ക്കാര്‍ ഗണ്യമായി കുറച്ചു

നിയമപരമായ ഉത്തരവുകള്‍ നടപ്പിലാക്കാന്‍36 മണിക്കൂര്‍3 മണിക്കൂര്‍പരാതി പരിഹാരത്തിന്15 ദിവസം7 ദിവസംഅടിയന്തര ഇടപെടലുകള്‍ക്ക്24 മണിക്കൂര്‍12 മണിക്കൂര്‍ക്രിമിനല്‍ നിയമങ്ങളും ശിക്ഷയുംഎഐ ദുരുപയോഗം വെറും ഐടി നിയമ ലംഘനം മാത്രമല്ല, ഇനി മുതല്‍ ക്രിമിനല്‍ കുറ്റം കൂടിയാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ (CSAM), വ്യാജരേഖകള്‍, സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഒരാളുടെ വ്യക്തിത്വത്തെ തെറ്റായി ചിത്രീകരിക്കുന്ന ഡീപ്ഫേക്കുകള്‍ എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസെടുക്കും.ഓരോ മൂന്ന് മാസത്തിലും ഇത്തരം നിയമലംഘനങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ മുന്നറിയിപ്പ് നല്‍കണം.അതേസമയം, നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് ഐടി ആക്ട് സെക്ഷന്‍ 79 പ്രകാരമുള്ള 'സേഫ് ഹാര്‍ബര്‍' സംരക്ഷണം തുടരുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.