- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചന്ദനമരങ്ങള്‍ ഇനി ബാധ്യതയല്ല; ലക്ഷങ്ങള്‍ കൊയ്യാന്‍ കര്‍ഷകര്‍ക്ക് വഴിതുറന്നു വനനിയമ ഭേദഗതി, ഇനി സ്വന്തം പറമ്പിലെ ചന്ദനം മുറിച്ചുവില്‍ക്കാം; ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം: സ്വന്തം പുരയിടത്തില്‍ ഒരു ചന്ദനമരം വളര്‍ന്നാല്‍ അത് വെട്ടിമാറ്റാനോ വില്‍ക്കാനോ കഴിയാതെ, മോഷണം പോയാല്‍പ്പോലും കേസില്‍ കുടുങ്ങുന്ന അവസ്ഥയില്‍ കര്‍ഷകര്‍ അനുഭവിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ദുരിതത്തിന് അന്ത്യം. സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വനം വകുപ്പ് വഴി വില്‍ക്കാന്‍ അനുമതി നല്‍കുന്ന 2025-ലെ കേരള വന (ഭേദഗതി) നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു.
സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ വില്‍ക്കാന്‍ ഇനി വനം വകുപ്പിന്റെ പരിശോധനാ സമിതിയുടെ കടുത്ത നിബന്ധനകള്‍ തടസ്സമാകില്ല. എന്നാല്‍, റവന്യൂ ഭൂമികളിലോ സര്‍ക്കാര്‍ റിസര്‍വ് ചെയ്ത ഭൂമികളിലോ ഉള്ള ചന്ദനമരങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. നിയമം നടപ്പിലാക്കാനാവശ്യമായ കൂടുതല്‍ ചട്ടങ്ങള്‍ വനം വകുപ്പ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെയാണ് പതിറ്റാണ്ടുകളായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നത്. ഇതോടെ ചന്ദനക്കൃഷി ലാഭകരമായ ഒരു വരുമാനമാര്‍ഗ്ഗമായി മാറുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കര്‍ഷകര്‍. പഴയ നിയമപ്രകാരം സ്വന്തം ഭൂമിയിലെ ചന്ദനമരം ഉണങ്ങിയതോ അപകടകരമായ നിലയിലോ ആണെങ്കില്‍ പോലും മുറിക്കണമെങ്കില്‍ കടമ്പകളേറെയായിരുന്നു. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട്, ഇനി മുതല്‍ ഭൂവുടമകള്‍ക്ക് ചന്ദനമരം മുറിച്ച് വനം വകുപ്പിന്റെ ഡിപ്പോകളില്‍ കൈമാറാം.
വില്‍പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും ഉടമയ്ക്ക് ലഭിക്കും. ചന്ദനത്തിന് നിലവില്‍ കിലോയ്ക്ക് 4,000 മുതല്‍ 7,000 രൂപ വരെ വിപണി വിലയുള്ള സാഹചര്യത്തില്‍, ഒരു മരം തന്നെ ലക്ഷങ്ങളുടെ വരുമാനമായി മാറും. ഇതിനുപുറമെ, വനനിയമങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലുള്ള ചെറുകിട കേസുകള്‍ പിഴയടച്ച് തീര്‍പ്പാക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ഇത് നൂറുകണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമാകും.
ചന്ദനക്കൃഷി വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ 'ട്രീ ബാങ്കിംഗ്' പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍, റവന്യൂ ഭൂമികളിലോ സര്‍ക്കാര്‍ റിസര്‍വ് ചെയ്തിട്ടുള്ള ഭൂമികളിലോ ഉള്ള ചന്ദനമരങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമാകില്ല. 1961-ലെ കാലഹരണപ്പെട്ട നിയമത്തിലെ അപ്രായോഗികമായ പല വ്യവസ്ഥകളും തിരുത്തിക്കൊണ്ടാണ് ഈ വിപ്ലവകരമായ മാറ്റം വരുന്നത്. നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നതോടെ കര്‍ഷകര്‍ക്ക് തടസ്സമില്ലാതെ ചന്ദനമരങ്ങള്‍ വില്‍ക്കാനാകും.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍:
വില്‍പനാരീതി: സ്വന്തം ഭൂമിയിലെ ചന്ദനമരം വനം വകുപ്പിനെ അറിയിച്ച് മുറിക്കാനും വനം വകുപ്പിന്റെ ലേല ഡിപ്പോകള്‍ വഴി വില്‍ക്കാനും സാധിക്കും. വില്‍പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും ഭൂവുടമയ്ക്ക് ലഭിക്കും.
ഉത്തരവാദിത്തം: മുന്‍പ് സ്വന്തം പറമ്പില്‍ നിന്ന് ചന്ദനമരം മോഷണം പോയാല്‍ ഭൂവുടമയ്ക്കെതിരെ കേസെടുക്കുന്ന വിചിത്രമായ സാഹചര്യം ഉണ്ടായിരുന്നു. പുതിയ നിയമത്തോടെ ഈ പേടി വേണ്ട.
കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍ക്കാം: വന നിയമങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്ന നിസ്സാര കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ പിഴയടച്ച് തീര്‍പ്പാക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.


