തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിനിമാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരിലേക്ക്. 2017-ല്‍ നടന്ന നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ ബിസ്‌കറ്റുകളും നാണയങ്ങളും സംഭാവന നല്‍കിയ 27 പ്രമുഖരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കി. നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം. ഉന്നതതലത്തില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പല വമ്പന്മാരും വെട്ടിലായിരിക്കുകയാണ്.

കൊടിമര പുനര്‍നിര്‍മ്മാണ ചടങ്ങുകളില്‍ നടന്‍ സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, അന്ന് അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ.എസ്.പി. കുറുപ്പ് കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള പ്രമുഖരുടെ പേരുകള്‍ ആര്, എന്തിന് വെട്ടിമാറ്റി എന്നതിലാണ് ദുരൂഹത ഏറുന്നത്. ഭക്തരില്‍ നിന്ന് നേരിട്ട് സ്വര്‍ണ്ണം കൈപ്പറ്റിയതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നാണ് പ്രധാന കണ്ടെത്തല്‍.

ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറെ ഇത്തരം കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിട്ടും അത് മറികടന്നാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ നേരിട്ട് സ്വര്‍ണ്ണം വാങ്ങിയത്. ഇതിന് കൃത്യമായ രസീത് നല്‍കിയിട്ടില്ല. കൊടിമരത്തിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന സ്വര്‍ണ്ണം എവിടെപ്പോയി എന്നതിനും രേഖകളില്ല. സ്വര്‍ണ്ണ ബിസ്‌കറ്റുകളും നാണയങ്ങളും ഉദ്യോഗസ്ഥരുടെ കീശയിലാണോ എത്തിയത് എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തുടര്‍നടപടികളുടെ ഭാഗമായി ശില്പി വെങ്കിടേഷ്, തിരുവാഭരണ കമ്മീഷണര്‍ എന്നിവരെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഈ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.