ഹൈദരബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുടെ പട്ടിക പുറത്തുവന്നത് വിവാദമാകുന്നു. അല്ലു അര്‍ജുനെ കാണുന്നതിന് മുന്‍പ് 'താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്' തുടങ്ങിയ 42 നിബന്ധനകള്‍ പാലിക്കണമെന്ന് ടീം നിര്‍ദ്ദേശിച്ചെന്ന ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവയുടെ വെളിപ്പെടുത്തലാണ് വിവാദമായി മാറിയത്. ഇതിനിടെ അല്ലു അര്‍ജുന്റെ 42 നിബന്ധനകള്‍ എന്ന പേരില്‍ പിആര്‍ നോട്ടും പുറത്തായിട്ടുണ്ട്. ഇത് ഔദ്യോഗികമാണോ അതോ വ്യാജമാണോ എന്നത് കൃത്യമല്ല. ഇതുസംബന്ധിച്ച സമൂഹമാദ്ധ്യമ പോസ്റ്റുകളും വൈറലാവുകയാണ്. അതേസമയം, മേല്‍പ്പറഞ്ഞ യാതൊരു നിബന്ധനകളും തന്റെ ടീം മുന്നോട്ടുവച്ചിട്ടില്ലെന്നും ഇത് തന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന ആരോപണമാണെന്നും അല്ലു അര്‍ജുന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും താരത്തിന്റെ ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം ഈ ആരോപണമുന്നയിച്ച ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവയെ താരത്തിന്റെ പിആര്‍ ടീം ഭീഷണിപ്പെടുത്തിയെന്നും ആസൂത്രിതമായ സൈബര്‍ ആക്രമണം നടത്തിയെന്നും ആരോപിച്ച് 'സ്വീകൃതി ടോക്‌സ്' പോഡ്കാസ്റ്റ് അവതാരക രംഗത്തെത്തി. ഭീഷണിയെത്തുടര്‍ന്നാണ് വിവാദ വിഡിയോ നീക്കം ചെയ്തതെന്നും സത്യം വിളിച്ചുപറയുന്നവരെ നിശബ്ദരാക്കാനാണ് അല്ലു അര്‍ജുന്റെ ടീം ശ്രമിക്കുന്നതെന്നും അവതാരക ഇന്‍സ്റ്റാഗ്രാമിലൂടെ തുറന്നടിച്ചു.

അല്ലു അര്‍ജുന്റെ ടീമില്‍ നിന്ന് കാവേരി ബറുവയ്ക്ക് കടുത്ത ഭീഷണിയുണ്ടായതിനാലാണ് വിഡിയോ പിന്‍വലിക്കേണ്ടി വന്നതെന്ന് അവതാരക വ്യക്തമാക്കി. 'കാവേരി ബറുവയെ അല്ലു അര്‍ജുന്റെ ടീം ഭീഷണിപ്പെടുത്തിയതിനാലാണ് ഞാന്‍ ആ വീഡിയോ നീക്കം ചെയ്തത്. ആളുകള്‍ സത്യം വിളിച്ചുപറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു. എന്റെ അതിഥിക്ക് നേരെ പി.ആര്‍ യന്ത്രങ്ങളുടെയും ബോട്ട് അക്കൗണ്ടുകളുടെയും ഭാഗത്തുനിന്ന് ആസൂത്രിതമായ ഉപദ്രവം ഉണ്ടായതിനാലാണ് ഞാന്‍ ആ വീഡിയോ നീക്കം ചെയ്തത്. പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണവര്‍. ഈ ഓണ്‍ലൈന്‍ ഗുണ്ടായിസം കാരണം അവരുടെ കരിയര്‍ അപകടത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'

നിബന്ധനകള്‍ ഇങ്ങനെ:

1. നേരിട്ട് കണ്ണില്‍ നോക്കരുത്; 'സര്‍' അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക.

2. ഒരു സാഹചര്യത്തിലും ശാരീരിക സമ്പര്‍ക്കമോ ഹസ്തദാനമോ പാടില്ല.

3. എല്ലാ സമയത്തും കുറഞ്ഞത് മൂന്നടി ശാരീരിക അകലം പാലിക്കുക.

4. 'സര്‍' അല്ലെങ്കില്‍ 'ഐക്കണ്‍ സ്റ്റാര്‍' എന്ന് മാത്രം അഭിസംബോധന ചെയ്യുക. ('ബണ്ണി' എന്നത് കുടുംബാംഗങ്ങള്‍ക്കും 'സ്‌റ്റൈലിഷ് സ്റ്റാര്‍' എന്നത് ഒരു പഴയ വിശേഷണവുമാണ്).

5. നിശ്ശബ്ദത പാലിക്കുക എന്നതാണ് അടിസ്ഥാന നിയമം; നിങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടാതെ സംസാരിക്കരുത്.

6. ഔദ്യോഗിക കാര്യങ്ങള്‍ക്കായി മാനേജ്‌മെന്റിന്റെ മൂന്ന് തലങ്ങളിലൂടെ (മാനേജര്‍ -> ലീഡ് മാനേജര്‍ -> ചീഫ് ഓഫ് സ്റ്റാഫ്) മാത്രം ബന്ധപ്പെടുക.

7. കടും നിറങ്ങള്‍ ഒഴിവാക്കി, ശ്രദ്ധ മാറ്റാത്ത തരം വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.

8. ഫോണുകള്‍ നിശ്ശബ്ദമാക്കി 'സര്‍' കാണാത്ത രീതിയില്‍ സൂക്ഷിക്കുക.

9. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചോദിക്കരുത്.

10. 'സര്‍' മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉടന്‍ എഴുന്നേറ്റ് നില്‍ക്കുക.

11. 'സര്‍' ഇരിക്കും വരെ ആരും ഇരിക്കരുത്.

12. ഏത് വിവരവും 30 സെക്കന്‍ഡിനുള്ളില്‍ സംക്ഷിപ്തമായി അവതരിപ്പിക്കുക.

13. സ്വകാര്യ സംഭാഷണങ്ങള്‍ അരുത്; സംസാരിക്കണമെങ്കില്‍ പുറത്തുപോയി സംസാരിക്കുക.

14. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍, എല്ലാ ഉത്തരങ്ങളും നയപരമായി ശരിയായിരിക്കണം.

15. സാധാരണ ഊഷ്മാവിലുള്ള വെള്ളമോ അല്ലെങ്കില്‍ ഫ്രഷ് തണ്ണിമത്തന്‍ ജ്യൂസോ മാത്രമേ നല്‍കാവൂ.

16. ശീതികരിച്ചതോ 'ജങ്ക്' ആയതോ ആയ ഭക്ഷണങ്ങള്‍ പരിസരത്ത് അനുവദനീയമല്ല.

17. ശബ്ദമുണ്ടാക്കാന്‍ സാധ്യതയുള്ള ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ഒഴിവാക്കുക.

18. മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ പുറം തിരിഞ്ഞ് നടക്കരുത്.

19. ജോലി സമയങ്ങളില്‍ 'ആരാധകരെപ്പോലെ' പെരുമാറുകയോ ഓട്ടോഗ്രാഫിനോ സെല്‍ഫിക്കോ അപേക്ഷിക്കുകയോ ചെയ്യരുത്.

20. ഷൂട്ട് തുടങ്ങുന്നത് വരെ എല്ലാ ലെന്‍സുകളും ക്യാമറകളും അടച്ചുവയ്ക്കുക.

21. പ്രത്യേകമായി ആവശ്യപ്പെടാതെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കരുത്.

22. 'സര്‍'-ന്റെ സിനിമകളെക്കുറിച്ച് കൃത്യതയോടെ സംസാരിക്കുക; കഥാപാത്രങ്ങളുടെ പേരുകള്‍ തമ്മില്‍ മാറിപ്പോകരുത്.

23. 'സര്‍' നൃത്തം ചെയ്യാന്‍ തുടങ്ങിയാല്‍ കൂടെച്ചേരരുത്. ചെറിയ രീതിയിലുള്ള കയ്യടിയാകാം.

24. മറ്റ് ടോളിവുഡ്/ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

25. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുന്‍പ് എത്തുക.

26. 'സര്‍' സണ്‍ഗ്ലാസ് ധരിച്ചിരിക്കുകയാണെങ്കില്‍, അതിലൂടെ രൂക്ഷമായി അദ്ദേഹത്തെ നോക്കാന്‍ ശ്രമിക്കരുത്.

27. എല്ലാ രേഖകളും അച്ചടിച്ച പകര്‍പ്പുകളായി (ഹാര്‍ഡ് കോപ്പി) സമര്‍പ്പിക്കണം; ഡിജിറ്റല്‍ സ്‌ക്രീനുകള്‍ പാടില്ല.

28. മുറിയും പരിസരവും കൃത്യമായി ചിട്ടപ്പെടുത്തിയതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.

29. സാറിന്റെ കഥാപാത്രങ്ങളുടെ പ്രത്യേക ശൈലികളോ ആംഗ്യങ്ങളോ അനുകരിക്കരുത്.

30. ഏതൊരു ആക്ഷന്‍ രംഗത്തിനും 15 മിനിറ്റ് മുന്‍പ്, സാറിനെ പൂര്‍ണമായ ഏകാന്തതയില്‍ വിടണം. ഒരു വാക്ക് പോലും ഉച്ചരിക്കരുത്.

31. സാറിനു പിന്നില്‍ ബഹുമാനപൂര്‍വമായ അകലം പാലിച്ച് നടക്കുക; അദ്ദേഹത്തിന് മുന്നില്‍ നടക്കരുത്.

32. രൂക്ഷമായ പെര്‍ഫ്യൂമുകളോ സുഗന്ധങ്ങളോ ഉപയോഗിക്കരുത്; വായുവില്‍ സാധാരണ ഗന്ധം നിലനിര്‍ത്തുക.

33. ഏതൊരു പ്രശ്‌നം അവതരിപ്പിക്കുമ്പോഴും പ്രായോഗികമായ രണ്ട് പരിഹാരങ്ങള്‍ കൂടെ നിര്‍ദ്ദേശിക്കണം.

34. 'സര്‍' എത്രനേരം നിശ്ശബ്ദനായിരുന്നാലും അദ്ദേഹത്തെ സംസാരത്തില്‍ തടസ്സപ്പെടുത്തരുത്.

35. കൈകള്‍ എപ്പോഴും പുറത്ത് കാണുന്ന രീതിയില്‍ വയ്ക്കുക; പോക്കറ്റില്‍ ഇടരുത്.

36. 'ഹിന്ദി മാര്‍ക്കറ്റ്', 'പാന്‍-ഇന്ത്യ' എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകള്‍, കൃത്യമായ ഉറവിടത്തോടെ മാത്രം അവതരിപ്പിക്കുക.

37. 'സര്‍' ആ വിഷയം തുടങ്ങാതെ 'മെഗാ' എന്ന വാക്ക് ഉപയോഗിക്കരുത്.

38. പെട്ടെന്നുള്ള ചലനങ്ങളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ പാടില്ല. അമിത ഊര്‍ജ്ജസ്വലവും അസ്ഥിരവുമായ പെരുമാറ്റം നിരോധിച്ചിരിക്കുന്നു.

39. സാറിന്റെ സാന്നിധ്യത്തില്‍ നിങ്ങളുടെ വാച്ചിലോ ഫോണിലോ നോക്കരുത്.

40. അദ്ദേഹത്തിന് പ്രവേശന കവാടത്തിന് അഭിമുഖമായി ഇരിക്കാന്‍ പാകത്തില്‍ കസേരകള്‍ ക്രമീകരിക്കുക.

41. സാറുമായി ബന്ധപ്പെട്ട എല്ലാത്തിലും 'AA സ്റ്റാമ്പ്' ഉണ്ടെന്ന് ഉറപ്പാക്കുക.

42. സാങ്കേതിക തകരാറുകള്‍ സംഭവിച്ചാലല്ലാതെ 'ഒരു ടേക്ക് കൂടി' എന്ന് ആവശ്യപ്പെടരുത്.

യൂട്യൂബര്‍ സ്വീകൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്

അല്ലു അര്‍ജുന്റെ ടീമിനെ രൂക്ഷമായ ഭാഷയിലാണ് പോഡ്കാസ്റ്റ് അവതാരക വിമര്‍ശിച്ചത്. തങ്ങള്‍ നടത്തിയത് വസ്തുതാപരമായ ചര്‍ച്ചയാണെന്നും അത് അപകീര്‍ത്തികരമല്ലെന്നും അവര്‍ വാദിക്കുന്നു. 'ആ ചര്‍ച്ച വസ്തുതാപരവും പ്രൊഫഷണലുമാണ്, അല്ലാതെ അപകീര്‍ത്തികരമല്ല. പക്ഷേ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന അധികാരശക്തികളോട് പോരാടുന്നതിനേക്കാള്‍ മുന്‍ഗണന ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനാണ്. അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ ടീമും വെറും തോല്‍വികളാണ്, അവര്‍ അധികാരത്തിന് പിന്നാലെ പായുന്നവരാണ്.'

തെലുങ്ക് സിനിമയിലെ സത്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുള്ള ആര്‍ക്കും തന്റെ പോഡ്കാസ്റ്റിലേക്ക് വരാമെന്നും അവതാരക വെല്ലുവിളിച്ചു. ''തെലുങ്ക് സിനിമാ വ്യവസായത്തില്‍ സത്യം പറയാന്‍ തയ്യാറുള്ള ആര്‍ക്കും എന്റെ പോഡ്കാസ്റ്റിലേക്ക് സ്വാഗതം. ഇവിടെ പി.ആര്‍ നല്‍കുന്ന തിരക്കഥകളോ പഞ്ചസാരയില്‍ പൊതിഞ്ഞ വര്‍ത്തമാനങ്ങളോ ഉണ്ടാകില്ല. വസ്തുതകളും നേരിട്ടുള്ള അനുഭവങ്ങളും യഥാര്‍ത്ഥ ധൈര്യവും മാത്രമേ ഉണ്ടാകൂ. ആര്‍ക്കാണ് തുറന്നുപറയാന്‍ ധൈര്യമുള്ളതെന്ന് നിങ്ങള്‍ കമന്റ് ചെയ്യൂ.'' -അല്ലു അര്‍ജുന്റെ ടീം നിയമനടപടിയുമായി മുന്നോട്ട് പോകുമ്പോള്‍, താരം പിആര്‍ ടീമിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന അവതാരകയുടെ പുതിയ ആരോപണം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിതുറന്നിരിക്കുന്നത്.

അല്ലു അര്‍ജുനെയും അദ്ദേഹത്തിന്റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകള്‍ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുന്‍പ് പാലിക്കേണ്ട 42 കര്‍ശന നിബന്ധനകള്‍ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. 'സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നല്‍കരുത്, നിശ്ചിത അകലം പാലിക്കണം' തുടങ്ങിയ വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ ഉപയോഗിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് തടഞ്ഞുവെന്നും അവര്‍ ആരോപിച്ചിരുന്നു.

താരത്തിന് ചുറ്റും നിരവധി മാനേജര്‍മാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീര്‍ണമാണെന്നും കാവേരി പരിഹസിച്ചു. ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ അല്ലു അര്‍ജുന്‍ ഇത്തരത്തിലുള്ള യാതൊരു നിബന്ധനകളും തന്റെ ടീമിനില്ലെന്നും ഇത് തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും പ്രതികരിച്ചു.

ആരോപണങ്ങള്‍ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അര്‍ജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ് ഇന്‍ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അര്‍ജുന്‍ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെ ഇത്തരത്തിലുള്ള അവാസ്തവങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അര്‍ജുന്റെ ടീം അഭ്യര്‍ഥിച്ചു.