ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാറില്‍ നിര്‍ണ്ണായക തിരുത്തലുകള്‍ വരുത്തി ട്രംപ് ഭരണകൂടം. കരാറിന് പിന്നാലെ വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക 'വസ്തുതാ രേഖകളില്‍' (Fact Sheet) ഇന്ത്യ ചൂണ്ടിക്കാണിച്ച പിശകുകള്‍ അമേരിക്ക അംഗീകരിച്ചു. ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ അമേരിക്ക ഒഴിവാക്കി. കല്‍ക്കരി, ഊര്‍ജ്ജം, ഐടി മേഖലകളിലെ സഹകരണം മാത്രമാണ് ഇനി പട്ടികയിലുള്ളത്. ഇന്ത്യന്‍ കര്‍ഷകരെയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലാണ് ഈ മാറ്റത്തിന് പിന്നില്‍.

അമേരിക്കയില്‍ നിന്നുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇത് ശക്തമായി നിഷേധിച്ചു.ലോകത്തിലെ ഏറ്റവും വലിയ പയര്‍വര്‍ഗ്ഗ ഉല്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. അമേരിക്കയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇവ എത്തുന്നതോടെ ഇന്ത്യന്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം തകരുമെന്ന ആശങ്കയിലായിരുന്നു രാജ്യം. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പുതുക്കിയ രേഖകളില്‍ നിന്ന് 'പയര്‍വര്‍ഗ്ഗങ്ങള്‍' എന്ന വാക്ക് അമേരിക്ക പൂര്‍ണ്ണമായും നീക്കം ചെയ്തു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുകളിലും യുഎസ് ഭരണകൂടം വലിയ വിട്ടുവീഴ്ച ചെയ്തു. 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് (Committed) എന്നായിരുന്നു ആദ്യ അവകാശവാദം. ഇത് മാറ്റി 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നു (Intends) എന്നാക്കി മാറ്റി.

പയര്‍വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഇറക്കുമതി തീരുവ ഇളവ് നല്‍കുമെന്ന് വൈറ്റ് ഹൗസ് ആദ്യം പുറത്തിറക്കിയ രേഖകളില്‍ വ്യക്തമാക്കിയിരുന്നു. ധാരണയിലെത്തിയ ഇടക്കാല വ്യാപാര കരാറില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടില്ല എന്നത് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പുതുക്കിയ രേഖകളില്‍ നിന്ന് 'പയര്‍വര്‍ഗ്ഗങ്ങള്‍' എന്ന വാക്ക് പൂര്‍ണ്ണമായും നീക്കം ചെയ്തു. ഇതോടെ കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് ശമനമായി. ലോകത്തിലെ ഏറ്റവും വലിയ പയര്‍വര്‍ഗ്ഗ ഉല്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. വിവിധ പരിപ്പുകള്‍, കടല, ഉണങ്ങിയ ബീന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, ഈ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഇറക്കുമതിക്ക് ഇന്ത്യ കടുത്ത നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് വസ്തുതാവിവരത്തിലെ മാറ്റം, ഈ കാര്യത്തില്‍ ഇന്ത്യയുടെ വാദങ്ങള്‍ വിജയിച്ചതായി സൂചിപ്പിക്കുന്നു.

വ്യാപാര ഇടപാടിലെ വാക്കുകളില്‍ യുഎസ് ഭരണകൂടം കൂടുതല്‍ അയവ് വരുത്തിയിട്ടുണ്ട്. 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നതിന് പകരം ഉദ്ദേശിക്കുന്നു എന്നാണ് പുതിയ രേഖകളില്‍ പറയുന്നത്. കൂടാതെ, വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഊര്‍ജ്ജം, വിവരസാങ്കേതികവിദ്യ, കല്‍ക്കരി തുടങ്ങിയ മേഖലകളിലെ ഇടപാടുകള്‍ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ കാര്‍ഷിക മേഖല ജിഡിപിയുടെ അഞ്ചിലൊന്ന് ഭാഗം വഹിക്കുന്നുണ്ട്. 2035-ഓടെ 1.4 ട്രില്യണ്‍ ഡോളറായി വളരാന്‍ ശേഷിയുള്ള ഈ മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര വിപണിയെ തകര്‍ക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് കാര്‍ഷിക രംഗം പൂര്‍ണ്ണമായി തുറന്നുകൊടുക്കാന്‍ ഇന്ത്യ തയ്യാറാകാത്തത്.

ഡിജിറ്റല്‍ സേവന നികുതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടിലും അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇന്ത്യ ഡിജിറ്റല്‍ സേവന നികുതി നീക്കം ചെയ്യുമെന്നായിരുന്നു ആദ്യത്തെ പ്രസ്താവനയെങ്കില്‍, വിവേചനരഹിതമായ ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍ക്കായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ സമ്മതിച്ചു എന്നാണ് തിരുത്തിയ ഫാക്ട്ഷീറ്റിലുള്ളത്. ഇത് ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണ്. കഴിഞ്ഞാഴ്ചയാണ് ഇരു രാജ്യങ്ങളും വ്യാപാര കരാറിലെത്തിയത്. പിന്നാലെ ഇതിലെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച യു.എസ് ഫക്ട് ഷീറ്റ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചത്. 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇറക്കുമതി തീരുവ യു.എസ് 18 ശതമാനമാക്കി കുറച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് കരാര്‍ യാഥാര്‍ഥ്യമായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം നികുതി പിന്‍വലിച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഡിജിറ്റല്‍ പരസ്യ നികുതി അഥവാ 'ഗൂഗിള്‍ ടാക്സ്' ഇന്ത്യ പിന്‍വലിച്ചതെന്ന പ്രചാരണങ്ങളില്‍ വ്യക്തത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ നികുതി ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് നേരത്തെ പുറത്തിറക്കിയ കുറിപ്പിലെ വിവരങ്ങള്‍ പിന്നീട് തിരുത്തുകയും ചെയ്തു.

എന്താണ് ഗൂഗിള്‍ ടാക്സ്?

ഇന്ത്യയില്‍ ഭൗതികമായി ഓഫീസുകളില്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്ക് (ഉദാഹരണത്തിന് ഗൂഗിള്‍, മെറ്റ തുടങ്ങിയവ) ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിന് മേല്‍ ചുമത്തിയിരുന്ന നികുതിയാണിത്. 2016-ലാണ് 6 ശതമാനം നിരക്കിലുള്ള ഈ 'ഈക്വലൈസേഷന്‍ ലെവി' ഇന്ത്യ റദ്ദ് ചെയ്തത്.

തീരുമാനം 10 മാസം മുന്‍പേ

അമേരിക്കയുമായുള്ള പുതിയ വ്യാപാര ചര്‍ച്ചകള്‍ പരസ്യമാകുന്നതിനും 10 മാസം മുന്‍പ്, 2025 ഏപ്രില്‍ ഒന്നു മുതലാണ് ഈ നികുതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. 2025-ലെ ഫിനാന്‍സ് ബില്ലിലെ ഭേദഗതികളിലൂടെയാണ് സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നത്.ഇന്ത്യ ഡിജിറ്റല്‍ നികുതികള്‍ ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് ആദ്യം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തി. ഡിജിറ്റല്‍ വ്യാപാരത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മാത്രമാണ് പുതുക്കിയ കുറിപ്പില്‍ പറയുന്നത്.

ഈ നികുതി പിന്‍വലിച്ചതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍: ഈ നികുതി അമേരിക്കന്‍ കമ്പനികളോടുള്ള വിവേചനമാണെന്ന് യുഎസ് തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി പിന്‍വലിച്ചത്. ഗൂഗിളും മെറ്റയും ഈ നികുതി ഭാരം ഇന്ത്യന്‍ പരസ്യദാതാക്കളിലേക്ക് തന്നെ കൈമാറുന്നതായി കണ്ടെത്തിയിരുന്നു. നികുതി ഒഴിവാക്കിയതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ ചെലവ് കുറയുമെന്നാണ് പ്രതീക്ഷ.

നിലപാടില്‍ ഉറച്ച് ഇന്ത്യ

നേരത്തെ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 2 ശതമാനം നികുതിയും 2024-ലെ ഫിനാന്‍സ് ആക്ട് വഴി ഇന്ത്യ ഒഴിവാക്കിയിരുന്നു. ഭാവിയില്‍ ഇത്തരം നികുതികള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണെന്നും വ്യാപാര കരാറുകളില്‍ ഇതിനെ കെട്ടിയിടാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.