- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പാലിക്കാതെ; ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍; പ്രസാദത്തിന് കണക്കില്ല; 50 കിടക്കകള്‍ കാണാനില്ല; ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങള്‍'; ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേട്; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി. ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ല. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ല. ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല.
ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ട്. ഇന്‍പുട്ട് ക്രെഡിറ്റിന് ബോര്‍ഡിന് അര്‍ഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണില്‍ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോര്‍ഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വര്‍ക്കുകള്‍ ബില്ലിലുണ്ട്. എന്നാല്‍ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സംഗമത്തിന്റെ വരവുചെലവ് കണക്ക് ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം താക്കീത് നല്‍കിയിരുന്നു. ഇതുവരെ നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതു പരിഗണിച്ച് സമയം അനുവദിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നു ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഒരു തവണ സമയം നീട്ടി നല്‍കിയിട്ടും കണക്കു ബോധിപ്പിക്കാത്ത സാഹചര്യത്തിലാണു കോടതി അതൃപ്തി അറിയിച്ചത്.
ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാലാണു കാലതാമസം വന്നതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കണക്ക് പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും അതിനാലാണ് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കോടതി നേരത്തെ പറഞ്ഞു. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് പരിപാടിക്ക് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി മൂന്നുകോടി നല്‍കിയിരുന്നു. പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ വന്നില്ലെന്ന് വിവരം.
4 കോടി കിട്ടിയെന്ന് മന്ത്രി വാസവന്‍
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎന്‍ വാസവന്‍ ഇന്ന് പറയുകയുണ്ടായി. നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം കാരണമാണ് സ്വര്‍ണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പ സംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ കണക്ക് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റില്‍ ചെയ്യാന്‍ ഉണ്ടെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ചെലവ് അതിനേക്കാള്‍ കൂടുതലാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ബോര്‍ഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുമോ എന്ന് ശ്രമിക്കും. 17ന് ബോര്‍ഡ് യോഗം ചേരും. ചെലവുകള്‍ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാം എന്ന് നോക്കും. 17 ന് മീറ്റിംഗ് കഴിയുമ്പോള്‍ എല്ലാം പറയാം, ആകെ 7 കോടിയോളം ചെലവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. എസ്‌ഐടി റിപ്പോര്‍ട്ടില്‍ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനുട്‌സില്‍ ഇല്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനേിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


