മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് വനപാലകര്‍ കണ്ടെത്തിയിരുന്നു. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്നെ അവന്‍ അതീവ ക്ഷീണിതനായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന വീണത്. ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. നിരവധി ആരാധകരെ നേടിയ കാട്ടുകൊമ്പനായിരുന്നു റിവാള്‍ഡോ. ആനയെ കണ്ടെത്താന്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ് പരിശ്രമിച്ചിരുന്നു. മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാള്‍ഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആര്‍സി ദാവീദാരുടെ മകന്‍ മാര്‍ക്ക് ദാവീദാരുമായുള്ള സൗഹൃദമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റിവാള്‍ഡോയുടെ പേര് കാട്ടുകൊമ്പന്‍ സ്വന്തമാക്കിയതും പ്രശസ്തനാക്കിയതും.

പരിക്കേറ്റ് അവശനായ റിവാള്‍ഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തില്‍ വീണത്. അവനെ എഴുന്നേല്‍പ്പിക്കാനും കൃത്യമായ ചികിത്സ നല്‍കാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവില്‍ ഇന്ന് ഉച്ചയോടു കൂടി ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ആ പ്രിയപ്പെട്ട കൊമ്പന്‍ ചരിഞ്ഞു. മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാള്‍ഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. സങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി മാവനള്ള, വാഴത്തോട്ടം മേഖലകളിലായിരുന്നു വിഹാരകേന്ദ്രം.

മുതുമലയുടെയും മസിനഗുഡിയുടെയും ഹൃദയമിടിപ്പായിരുന്നു റിവാള്‍ഡോ. വെറുമൊരു വന്യമൃഗത്തിനപ്പുറം, ആ ഗ്രാമത്തിലെ ഓരോ മനുഷ്യന്റെയും കുടുംബാംഗത്തെപ്പോലെയാണ് ഈ കൊമ്പന്‍ ജീവിച്ചിരുന്നത്.

റിവാള്‍ഡോയുടെ ജീവിതം മാറ്റിമറിച്ചത് പ്രശസ്ത വന്യജീവി സംരക്ഷകന്‍ ഇ.ആര്‍.സി. ദാവിദാരുടെ മകന്‍ മാര്‍ക്ക് ദാവിദാറുമായുള്ള അപൂര്‍വ്വ സൗഹൃദമാണ്. ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്ന മാര്‍ക്ക് ആണ് ഈ കൊമ്പന് റിവാള്‍ഡോ എന്ന പേര് നല്‍കിയത്. മാര്‍ക്കിന്റെ വീടിനു മുന്നിലൂടെ സ്ഥിരമായി പോയിരുന്ന ആനക്കൂട്ടത്തിലെ ഈ കൊമ്പന്‍ മാര്‍ക്കുമായി ഒരു പ്രത്യേക ഹൃദയബന്ധം സ്ഥാപിച്ചെടുക്കുകയായിരുന്നു.

ഒരിക്കല്‍ മാരകമായ വെടിയേറ്റ മുറിവുമായി തുമ്പിക്കൈ ഉയര്‍ത്താന്‍ പോലും കഴിയാതെ തീറ്റയെടുക്കാനാവാതെ റിവാള്‍ഡോ മാര്‍ക്കിന് മുന്നിലെത്തി. തന്റെ പ്രിയപ്പെട്ട ആനയുടെ അവസ്ഥ കണ്ട് സഹിക്കാനാവാതെ മാര്‍ക്ക് നേരിട്ട് റിവാള്‍ഡോയുടെ വായയ്ക്കുള്ളിലേക്ക് ഭക്ഷണം വെച്ചു കൊടുക്കുമായിരുന്നു. മാര്‍ക്കിന്റെ ആ സ്‌നേഹവും പരിചരണവുമാണ് മരണത്തിന്റെ വക്കില്‍ നിന്ന് റിവാള്‍ഡോയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

എന്നും മാര്‍ക്കിന്റെ വീട്ടിലേക്ക് റിവാള്‍ഡോ വരുമായിരുന്നു. 2011ല്‍ മാര്‍ക്ക് മരണപ്പെട്ടെങ്കിലും റിവാള്‍ഡോ തന്റെ പതിവ് തെറ്റിച്ചില്ല. മസിനഗുഡിയിലെ നിത്യസന്ദര്‍ശകനായി മാറി. മാര്‍ക്കിന്റെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ സുഹൃത്തായ മുത്തുവുമായിട്ടായിരുന്നു റിവാള്‍ഡോയുടെ അടുത്ത ബന്ധം. ഗ്രാമത്തിലെ വീടുകള്‍ക്ക് മുന്നിലെത്തുന്ന റിവാള്‍ഡോയെ നാട്ടുകാര്‍ വന്യമൃഗമായിട്ടല്ല, മറിച്ച് വീട്ടില്‍ വളര്‍ത്തുന്ന പശുവോ മറ്റോ ആയാണ് കണ്ടിരുന്നത്. 'റിവാള്‍ഡോ' എന്ന് സ്‌നേഹത്തോടെ വിളിച്ചാല്‍ അവന്‍ തിരിഞ്ഞു നോക്കുമായിരുന്നുവെന്നും ആരോടും ഉപദ്രവം കാണിക്കാത്ത പ്രകൃതക്കാരനായിരുന്നു അവനെന്നും നാട്ടുകാര്‍ നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ തമിഴ്‌നാട് വനംവകുപ്പ് റിവാള്‍ഡോയെ ആനക്യാംപിലെത്തിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ആനയെ വീണ്ടും കാട്ടിലേക്ക് അയക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. റേഡിയോ കോളര്‍ ധരിപ്പിച്ച് തുറന്നുവിട്ടെങ്കിലും അടുത്തദിവസം തന്നെ റിവാള്‍ഡോ മസിനഗുഡിയിലെത്തി. കാട്ടിലും നാട്ടിലുമായി കഴിഞ്ഞിരുന്ന റിവാള്‍ഡോയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. തുടക്കത്തില്‍ മദപ്പാട് സമയത്ത് രണ്ട് മാസത്തോളം ഉള്‍ക്കാട്ടിലേക്ക് പോവുകയും തിരിച്ചുവരികയും ചെയ്തിരുന്നു

ഇടയ്ക്കിടെ മാസങ്ങളോളം കാട്ടിലേക്ക് അപ്രത്യക്ഷനാകുന്ന റിവാള്‍ഡോ പിന്നീട് ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്താറാണ് പതിവ്. രാത്രികാലങ്ങളില്‍ ഗ്രാമത്തില്‍ കറങ്ങുന്ന അവന്‍ വീടുകളിലെ ടാങ്കുകളില്‍ നിന്ന് വെള്ളം കുടിക്കുകയും ആളുകളുമായി അടുത്തിടപഴകുകയും ചെയ്യുമായിരുന്നു എന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. കാടിറങ്ങി പുഴകള്‍ താണ്ടി അവന്‍ വീണ്ടും തങ്ങള്‍ക്കിടയിലേക്ക് എത്തുമെന്നും ആ സൗഹൃദം തുടരുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ വിഫലമാക്കി നീലഗിരിയുടെ പ്രിയപ്പെട്ട 'റിവാള്‍ഡോ' ഓര്‍മ്മകളിലേക്ക് മടങ്ങി.

കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചില്‍ നിന്ന് റിവാള്‍ഡോയെ കാണാതായിരുന്നു. എന്നാല്‍ 15 ദിവസം മുന്‍പാണ് അവന്‍ വീണ്ടും ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. തിരികെ എത്തിയപ്പോള്‍ റിവാള്‍ഡോയുടെ ശരീരത്തില്‍ മറ്റ് കാട്ടാനകളുടെ കുത്തേറ്റ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് വനപാലകര്‍ കണ്ടെത്തി. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്നെ അവന്‍ അതീവ ക്ഷീണിതനായിരുന്നു. പരിക്കേറ്റ് അവശനായ റിവാള്‍ഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തില്‍ വീണത്. അവനെ എഴുന്നേല്‍പ്പിക്കാനും കൃത്യമായ ചികിത്സ നല്‍കാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവില്‍ ഇന്ന് ഉച്ചയോടു കൂടി ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി ആ പ്രിയപ്പെട്ട കൊമ്പന്‍ ചരിഞ്ഞു.