- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ പുനര്‍നിര്‍മ്മാണത്തില്‍ സുപ്രധാന പങ്ക് വഹിച്ചത് ഇന്ത്യന്‍ കുടിയേറ്റക്കാര്‍; വലിയ തോതില്‍ ബ്രിട്ടനിലേക്ക് കുടിയേറ്റ തരംഗമുണ്ടായത് നാല് തവണ; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനെ രക്ഷിച്ചതിങ്ങനെ... വിശദമായ കണക്ക് പുറത്ത്

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഇന്ത്യന്‍ വംശജരുടെ നിരന്തര പരിശ്രമം പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഏസറ്റണ്‍ ഇന്ത്യ സെന്റര്‍ പ്രസിദ്ധീകരിച്ച ധവള പത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആധുനിക ബ്രിട്ടനിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റത്തിന്റെ കഥ എന്ന് പറയപ്പെടുന്ന ഈ പേപ്പറിന്, 'ഇന്ത്യന്‍ വംശജരുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം' എന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധാനന്തരം 1940 കള്‍ മുതല്‍ 2019 ലെ ബ്രെക്‌സിറ്റാനന്തര കാലഘട്ടം വരെ നാല് കുടിയേറ്റ തരംഗങ്ങളാണ് ബ്രിട്ടനിലുണ്ടായതെന്ന് ഇതില്‍ പറയുന്നു.
രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും പുരോഗമനത്തിലും ഇന്ത്യന്‍ വംശജര്‍ കാതലായ പങ്ക് വഹിച്ചതായും ധവളപത്രം പറയുന്നു. തൊഴിലുടമയുടെ ആവശ്യാനുസരണവും, യോഗ്യതകള്‍ പരസ്പരം അംഗീകരിച്ചും ഉള്ള കൂടുതല്‍ മെച്ചപ്പെട്ട വിസ റൂട്ടുകള്‍ ഇന്ത്യയുമായി വേണമെന്നും ധവള പത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ ഓരോ മേഖലയിലെയും ഇരു രാജ്യങ്ങളിലും നിയന്ത്രണാധികാരമുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിക്കുന്നതില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അതില്‍ പറയുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളാലും, ബ്രിട്ടനില്‍ ആകര്‍ഷകമായ വേതനം ലഭിക്കുമെന്നതിനാലും നിരവധിപേര്‍ ഇന്ത്യയില്‍ നിന്നും ഇവിടേക്ക് കുടിയേറുകയുണ്ടായി. പിന്നീട്, 1972 ല്‍ ബ്രിട്ടീഷ് പൗരത്വമുള്ള നിരവധി ഇന്ത്യാക്കാര്‍ ഉഗാണ്ടയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ ബ്രിട്ടനിലെത്തി. ഫാമിലി റീയൂണിയന്‍ വിസയിലൂടെ ഇവിടെയെത്തിയ ഇകൂട്ടരില്‍ അധികവും ലെസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം എന്നിവിടങ്ങളില്‍ താമസമാരംഭിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു.
1990 കളില്‍ ഐ ടി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുണ്ടായ കുതിപ്പിനെ തുടര്‍ന്നായിരുന്നു ബ്രിട്ടനിലേക്ക് മൂന്നാമതൊരു കുടിയേറ്റ തരംഗം ഉണ്ടായത്. ഐ ടി മേഖലയില്‍ മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട്, ഉദ്പാദനം, അതിഥിസത്കാരം തുടങ്ങിയ മേഖലകളിലേക്കും ഇക്കാലത്ത് ഇന്ത്യയില്‍ നിന്നും തൊഴിലാളികളുടെ വന്‍തോതിലുള്ള കുത്തൊഴുക്കുണ്ടായി. 2016 ന് ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും ബ്രിട്ടന്‍ വിട്ട് പോയപ്പോഴാണ് ആ വിടവ് നികത്താന്‍ ഇന്ത്യാക്കാര്‍ വലിയ തോതില്‍ ബ്രിട്ടനിലേക്കെത്തിയത്. ഇതാണ് നാലാമത്തെ കുടിയേറ്റ തരംഗം.
അതിനുപുറമെ കുടിയേറ്റ നയം കൂടുതല്‍ ഉദാരമാക്കിയതോടെ വിദ്യാര്‍ത്ഥികളും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും വലിയ തോതില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കെത്താന്‍ തുടങ്ങി. കോവിഡിനെ തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായതോടെ ഈ ഒഴുക്കും വര്‍ദ്ധിച്ചു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലൂടെ ബ്രിട്ടനില്‍ കുടിയേറിയവരില്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല, എന്‍ എച്ച് എസ്സിലെ പ്രൊഫഷണല്‍ ജീവനക്കാരില്‍ 16 ശതമാനത്തോളവും, സാങ്കേതികരംഗത്തെ ജീവനക്കാരില്‍ 13 ശതമാനവും ഇന്ത്യന്‍ കുടിയേറ്റക്കാരാണ്.


