ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സ് ആന്‍ഡ്രൂവിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി പ്രമുഖ മാധ്യമമായ 'ദ മെയില്‍ ഓണ്‍ സണ്‍ഡേ' പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ രാജകുടുംബത്തെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു. ഇപ്പോഴിതാ, യുകെയുടെ വ്യാപാര പ്രതിനിധിയായി ഔദ്യോഗിക പദവി വഹിച്ചിരുന്ന കാലത്ത് നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തിയ വിദേശ യാത്രകളില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തല്‍. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആന്‍ഡ്രൂ തന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ 'എപ്സ്റ്റീന്‍ ഫയലുകളില്‍' നിന്ന് പുറത്തുവന്നു.

2010ല്‍ ചൈനയിലേക്ക് നടത്തിയ ഔദ്യോഗിക വ്യാപാര സന്ദര്‍ശനത്തിനിടെ എപ്സ്റ്റീന് വേണ്ടി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താനും ചൈനീസ് മോഡലുകളുമായി വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാനും ആന്‍ഡ്രൂ സമയം കണ്ടെത്തിയതായി ഇമെയിലുകള്‍ വ്യക്തമാക്കുന്നു. ബീജിംഗിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടന്ന രഹസ്യ വിരുന്നില്‍ പ്രമുഖ ചൈനീസ് മോഡലിനൊപ്പം ആന്‍ഡ്രൂ സമയം ചെലവഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ യാത്രകളില്‍ യുവതികളെ വിശേഷിപ്പിക്കാന്‍ ആന്‍ഡ്രൂവിന്റെ സഹായികള്‍ അധിക്ഷേപകരമായ രഹസ്യ കോഡുകള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും ഗൗരവകരമായ കണ്ടെത്തല്‍, ബ്രിട്ടീഷ് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ ആന്‍ഡ്രൂ ചോര്‍ത്തി നല്‍കി എന്നതാണ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡിന്റെ (RBS) സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ ആന്‍ഡ്രൂ എപ്സ്റ്റീന് കൈമാറിയതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. 'യുകെയെ താന്‍ കൈപ്പിടിയിലൊതുക്കി' എന്ന് എപ്സ്റ്റീന്‍ ഇതിനുശേഷം അവകാശപ്പെട്ടതായും രേഖകള്‍ പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ ആന്‍ഡ്രൂ ബ്രിട്ടനെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു.

ആന്‍ഡ്രൂവിന്റെ പദവി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം യുകെയില്‍ ശക്തമായിരിക്കുകയാണ്. പോലീസ് ഇതുവരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കിലും പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ലേബര്‍ പാര്‍ട്ടി നേതാക്കളും മുന്‍ മന്ത്രിമാരും വിഷയത്തില്‍ കര്‍ശനമായ പാര്‍ലമെന്ററി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. രാജകുടുംബത്തിന്റെ സ്വാധീനമുപയോഗിച്ച് ആന്‍ഡ്രൂവും കൂട്ടാളികളും വ്യക്തിപരമായ ലാഭമുണ്ടാക്കിയെന്നും രാജ്യത്തിന്റെ അന്തസ്സ് മണ്ണില്‍ ചവിട്ടിത്തേച്ചെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.