- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വോട്ടിനായി പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന് ഭയം; സമ്മാനങ്ങള്‍ തിരികെ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ജയിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍

ഹൈദരാബാദ്: വോട്ടിനായി പണവും പ്രഷര്‍ കുക്കറുമടക്കം സമ്മാനമായി നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന് സംശയം. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്.
പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ ഹരിബാബു സമ്മാനങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെയാണ് തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രഷര്‍ കുക്കര്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
പ്രചാരണത്തിനിടെ 2,500 രൂപയും പ്രഷര്‍ കുക്കറുമായാണ് സ്ഥാനാര്‍ഥിയും സംഘവും വീടുകളിലെത്തിയതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. 'ഞങ്ങള്‍ പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ അപമാനിക്കുന്നത്?' എന്നാണ് പ്രതിഷേധക്കാര്‍ ചോദിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ സ്ഥലത്തു നിന്നും നീക്കി. വോട്ടിന് പണം നല്‍കിയതിന് ഹരിബാബുവിനെതിരെ നിലവില്‍ കേസെടുത്തിട്ടില്ല.
378 വോട്ട് നേടിയാണ് ആരോപണ വിധേയനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിബാബു ജയിച്ചത്. ഭാരതീയ രാഷ്ട്ര സമിതി സ്ഥാനാര്‍ഥി 131 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥിക്ക് നാലു വോട്ടാണ് ലഭിച്ചത്. അശ്വാരോപേട്ട് നഗരസഭയില്‍ ഭരണം കോണ്‍ഗ്രസിനാണ്. 22 ല്‍ 17 സീറ്റും കോണ്‍ഗ്രസ് തന്നെ നേടി. രണ്ടു സീറ്റ് ഭാരതീയ രാഷ്ട്ര സമിതിക്കാണ്. ബിജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ടിടത്തും ജയിച്ചു.
തെലങ്കാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പണമൊഴുക്കാണ് നടന്നിട്ടുള്ളത്. 3.09 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത 1.29 കോടി രൂപ, 1.21 കോടി രൂപയുടെ മദ്യം, 15.7 ലക്ഷത്തിന്റെ ലഹരി വസ്തുക്കള്‍, 28.96 ലക്ഷത്തിന്റെ സ്വര്‍ണം, സൗജന്യമായി നല്‍കാന്‍ എത്തിച്ച 13 ലക്ഷത്തിന്റെ സമ്മാനങ്ങള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.


