- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രകാശ് ബാബുവിനെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയാക്കിയതിനെതിരേ പോസ്റ്ററുകള്‍; ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം രാജിവയ്ക്കണമെന്നും ആവശ്യം; വിഭാഗീയത വീണ്ടും സജീവമാക്കി തിരുവല്ലയിലെ സിപിഎം

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയതയുള്ള തിരുവല്ലയില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് എതിരെ പോസ്റ്റര്‍. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തായാണ് പോസ്റ്ററുകള്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്.
ദേവസ്വം ബോര്‍ഡ് നിയമന കോഴയിലും പിഎസ്സി അഴിമതിയിലും ഏരിയ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ കള്ളന്‍ പ്രകാശ് ബാബുവിനെ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക, അര്‍ബന്‍ ബാങ്ക് കൊള്ളക്കാരന്‍ സനല്‍കുമാറിന്റെ ശിഷ്യനും ദേവസ്വം ബോര്‍ഡ് നിയമന കോഴ നടത്തി ലക്ഷങ്ങള്‍ തട്ടിയ കള്ളന്‍ പ്രകാശ് ബാബുവിനെ ലോക്കല്‍ സെക്രട്ടറി ആക്കിയ നടപടി റദ്ദ് ചെയ്യുക, അഴിമതിക്കാരനും ഗുണ്ടാ മാഫിയ ഒത്താശക്കാരനും ആയ പരുമല ലോക്കല്‍ സെക്രട്ടറി ഷിബു വര്‍ഗീസിന് പ്രമോഷന്‍ നല്‍കി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദ് ചെയ്യുക, പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് ഉടന്‍ തന്നെ ഇടപെടുക, ഗോവിന്ദന്‍ മാഷ് പത്തനംതിട്ടയിലേക്ക് വരിക, തിരുവല്ലയിലെ പാര്‍ട്ടിയെ സംരക്ഷിക്കുക തുടങ്ങിയ വരികളാണ് പോസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവുമധികം വിഭാഗീയതയുള്ള ഏരിയ കമ്മറ്റിയാണ് തിരുവല്ലയിലേത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനല്‍കുമാര്‍, മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളാണ് പരസ്പരം പോരടിക്കുന്നത്. പാരയും മറുപാരയുമായി വിഭാഗീയത മുന്നേറുകയാണ്. സംസ്ഥാന നേതൃത്വം വരെ ഇടപെട്ടിട്ടും ഇതിന് പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.


