കൊച്ചി: ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തില്‍ കൊറിയന്‍ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയില്‍ കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്‍ അറിയിച്ചു. പെണ്‍കുട്ടിയെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ കുറിപ്പില്‍ കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളു ഫലം വരാന്‍ സമയമെടുക്കും. പെണ്‍കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ ഫോണിലെ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഫോണില്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കെ.എസ്. സുദര്‍ശന്‍ അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയന്‍ ഭ്രമം തടയാന്‍ ബോധവത്കരണം നടത്തും. സ്‌കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന സംഘത്തെ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസിന്റെ നീക്കം. എന്നാല്‍ അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി കെ. എസ്. സുദര്‍ശന്‍ നിയോഗിച്ചിരുന്നു. അധ്യാപകര്‍, സഹപാഠികള്‍ എന്നിവരടക്കമുള്ളവരില്‍നിന്ന് മൊഴികള്‍ എടുത്തിരുന്നു.

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. രാവിലെ 7.45ന് ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും അടക്കമുള്ളവ കരയില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയന്‍ വംശജന്‍ ഈ മാസം 19ന് അപകടത്തില്‍ മരിച്ചെന്നും ഈ വിഷമം സഹിക്കാന്‍ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്. മുങ്ങി മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കിണര്‍ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്.

ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് പ്രതികരിച്ചു. കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി. ഒരു കുട്ടി ഇതുവരെ വന്ന് കാണാനോ സംസാരിക്കാനോ ഒന്നും തയ്യാറായിട്ടില്ല. അവളുമായിട്ടായിരുന്നു മകള്‍ക്ക് കൂടുതല്‍ അടുപ്പം. അത് ഞങ്ങളെ കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആകാം. ആ കുട്ടി സ്‌കൂളിലും പോകുന്നതായി അറിയില്ലെന്നും പിതാവ് പറഞ്ഞു.