ഭോപാല്‍: മധ്യപ്രദേശ് കേഡറിലെ കരുത്തനായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അവി പ്രസാദ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ ഭരണപരമായ തീരുമാനങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 11-ന് കുനോ ദേശീയോദ്യാനത്തിലെ മനോഹരമായ പശ്ചാത്തലത്തില്‍ വെച്ച് 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ അങ്കിത ധക്രെയെ അവി പ്രസാദ് ജീവിതപങ്കാളിയാക്കി. അങ്കിത നിലവില്‍ സംസ്ഥാന ഭരണ സേവന മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്. വിശേഷതയെന്തെന്നാല്‍, അവി പ്രസാദിന്റെ മുന്‍പ് നടന്ന രണ്ട് വിവാഹങ്ങളിലും വധുക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു എന്നതാണ്. ഇതോടെ സിവില്‍ സര്‍വീസ് വൃത്തങ്ങളില്‍ ഈ വിവാഹം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ നിന്നുള്ള അവി പ്രസാദ് ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന താംബേശ്വര്‍ പ്രസാദിന്റെ പേരക്കുട്ടിയാണ് അവി പ്രസാദ്. 2014-ല്‍ അഖിലേന്ത്യാ തലത്തില്‍ 13-ാം റാങ്ക് നേടിയാണ് സര്‍വീസിലെത്തുന്നത്. മധ്യപ്രദേശിലെ എംപ്ലോയ്മെന്റ് ഗ്യാരണ്ടി കൗണ്‍സില്‍ സിഇഒയാണ് നിലവില്‍ അവി പ്രസാദ്.

അവി പ്രസാദിന്റെ ജീവിതത്തിലേക്ക് മുന്‍പ് കടന്നുവന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും നിലവില്‍ മധ്യപ്രദേശ് കേഡറിലെ പ്രമുഖ പദവികളിലിരിക്കുന്നവരാണ്. റിജു ബഫനയാണ് അവി പ്രസാദിന്റെ ആദ്യ ഭാര്യ. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പഠനകാലത്താണ് റിജുവും അവിയും പ്രണയത്തിലായത്. പഠനം കഴിഞ്ഞ് ഐഎഎസ് നേടിയ ശേഷം ഇരുവരും വിവാഹിതരായെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ബന്ധം പിരിഞ്ഞു. റിജു നിലവില്‍ ഷാജാപുര്‍ കളക്ടറാണ്. രണ്ടാമതായി 2016 ബാച്ച് ഉദ്യോഗസ്ഥയായ മിഷ സിങ്ങിനെ വിവാഹം കഴിച്ചു. വിവാഹശേഷം മിഷ തന്റെ കേഡര്‍ മധ്യപ്രദേശിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. മിഷ നിലവില്‍ രത്‌ലം കളക്ടറാണ്.

ഭരണ സേവന മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അങ്കിത ധക്രെയാണ് അവി പ്രസാദിന്റെ പുതിയ ജീവിതപങ്കാളി. വന്യജീവി സങ്കേതമായ കുനോയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഒരു മികച്ച അഡ്മിനിസ്‌ട്രേറ്ററായാണ് അവി പ്രസാദ് അറിയപ്പെടുന്നത്. സംസ്ഥാന ഭരണത്തില്‍ അവി പ്രസാദ് നിരവധി പ്രധാന ഫീല്‍ഡ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് സിഇഒയും കളക്ടറുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കട്‌നി കളക്ടറായിരുന്ന കാലത്ത് ജില്ലയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള സംരംഭങ്ങള്‍ വലിയ ശ്രദ്ധ നേടി. നിലവില്‍ അദ്ദേഹം മധ്യപ്രദേശില്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്. കട്‌നി കളക്ടറായിരിക്കെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അവി പ്രസാദ് നടപ്പിലാക്കിയ പദ്ധതികള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ആശംസകള്‍ നേരുകയാണ് സഹപ്രവര്‍ത്തകര്‍.