- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉറ്റ സുഹൃത്തിന്റെ മരണത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുത്തു; മതം നോക്കാതെ നെഞ്ചോട് ചേര്‍ത്തു, പേര് മാറ്റാതെ വളര്‍ത്തി; വിവാഹ പ്രായമെത്തിയപ്പോള്‍ ലിംഗായത്ത് ആചാരപ്രകാരം കല്ല്യാണം; സോമശേഖറിനും വസന്തിനും തണലായി മാറിയ മഹ്ബൂബും നൂര്‍ജഹാനും; കര്‍ണാടകയിലെ ഒരു ബസ് ഡ്രൈവര്‍ ലോകത്തിന് നല്‍കുന്ന വലിയ പാഠം

ബെല്‍ഗാം: ചില വിവാഹ ഫോട്ടോകള്‍ വെറും ചിത്രങ്ങളല്ല, അവ ഈ രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു മൂല്യത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഹുക്കേരി എന്ന കൊച്ചുപട്ടണത്തില്‍ ഫെബ്രുവരി 8-ന് നടന്ന ഒരു വിവാഹം ദേശീയമാധ്യമങ്ങളിലൂടെ ഇന്ത്യയുടെയാകെ ശ്രദ്ധയാകര്‍ഷിക്കുന്നത് അതുകൊണ്ടാണ്. മതസൗഹാര്‍ദ്ദത്തിന്റെ മനോഹരമായ ഒരു കാവ്യം പോലെ കര്‍ണാടകയിലെ ബെല്‍ഗാമിന് പറയാനുള്ളത് ഈ മനുഷ്യത്വത്തിന്റെ കഥയാണ്. വെറുപ്പിന്റെ വാര്‍ത്തകള്‍ക്കിടയില്‍, സ്‌നേഹം കൊണ്ട് മുറിവുകള്‍ ഉണക്കുന്ന മഹ്ബൂബ് ഹസന്റെയും നൂര്‍ ജഹാന്റെയും അവരുടെ മക്കളുടെയും ജീവിതം.
ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയ നിയോഗം
ഈ ജീവിതകഥ തുടങ്ങുന്നത് രണ്ട് പതിറ്റാണ്ട് മുന്‍പാണ്. മഹ്ബൂബ് ഹസന്‍ നൈക്വാഡി എന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഉറ്റ സുഹൃത്തായിരുന്നു ശിവാനന്ദ് പൂജാരി. ഒരു വാഹനാപകടത്തില്‍ ശിവാനന്ദും ഭാര്യയും അപ്രതീക്ഷിതമായി മരിച്ചതോടെ അവരുടെ മക്കളായ സോമശേഖറും വസന്തും തീര്‍ത്തും അനാഥരായി. ബന്ധുക്കളാരും ആ കൈകള്‍ പിടിക്കാന്‍ മുന്നോട്ടുവരാതിരുന്ന ആ ഇരുളടഞ്ഞ നിമിഷത്തിലാണ് മഹ്ബൂബും ഭാര്യ നൂര്‍ ജഹാനും അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തങ്ങള്‍ക്ക് സ്വന്തമായി മക്കളുണ്ടായിരുന്നിട്ടും, ആ തണലില്‍ വിവേചനമില്ലാതെ ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും അവര്‍ വളര്‍ത്തി.
സ്വത്വം മാറാതെ, സ്‌നേഹം മാത്രം നല്‍കി
മഹ്ബൂബിന്റെ വീട്ടില്‍ വളരുമ്പോഴും ആ കുട്ടികളുടെ വിശ്വാസമോ പേരോ മാറ്റാന്‍ അദ്ദേഹം മുതിര്‍ന്നില്ല. അവരെ സ്വന്തം ധര്‍മ്മത്തില്‍ തന്നെ വളരാന്‍ അദ്ദേഹം അനുവദിച്ചു. ഇന്ന് മൂത്തമകന്‍ സോമശേഖര്‍ ഒരു ബി.എസ്.സി ബിരുദധാരിയും ബെല്‍ഗാമിലെ ഒരു ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനുമായി മാറി. മകന് വിവാഹപ്രായം എത്തിയപ്പോള്‍ ഒട്ടും വൈകാതെ തന്നെ മഹ്ബൂബും കുടുംബവും ആലോചനകള്‍ തുടങ്ങി. ഒടുവില്‍ മഹാരാഷ്ട്രയിലെ ഗാഡ്ഹിംഗ്ലാജില്‍ നിന്ന് പൂനം എന്ന പെണ്‍കുട്ടിയെ സോമശേഖറിനായി കണ്ടെത്തി.
ലിംഗായത്ത് ആചാരപ്രകാരം ഒരു കല്യാണം
പൂര്‍ണ്ണമായും വീരശൈവ ലിംഗായത്ത് ആചാരപ്രകാരമാണ് വിവാഹം നടന്നത്. മഹ്ബൂബും നൂര്‍ ജഹാനും അതിഥികളെ സ്വീകരിക്കുന്നതിനും മറ്റ് ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയപ്പോള്‍, മതപരമായ ചടങ്ങുകള്‍ നടത്തിയത് ലിംഗായത്ത് സമുദായ നേതാക്കളാണ്.
'ഇതില്‍ വലിയ കാര്യമൊന്നുമില്ല. ഈ രാജ്യത്തെ എല്ലാവരും സഹോദരീ സഹോദരന്മാരാണെന്നാണ് എന്റെ വിശ്വാസം. ആ കുട്ടികള്‍ എന്റെ വീട്ടില്‍ വളര്‍ന്നു, പഠിച്ചു, സ്വന്തമായി ജോലി കണ്ടെത്തി. എന്റെ കടമ കഴിഞ്ഞു എന്ന സംതൃപ്തിയോടെ എനിക്ക് ഈ ലോകം വിട്ടുപോകാം.' - മഹ്ബൂബ് ഹസന്‍ പറയുന്നു.
സമൂഹത്തിന് നല്‍കുന്ന സന്ദേശം
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ പതിവാകുന്ന കാലത്ത്, ഹുക്കേരിയിലെ ഈ വീട് ഒരു പാഠപുസ്തകമാണ്. ലിംഗായത്ത് നേതാവായ ബസവപ്രഭു വന്തമുരി പറഞ്ഞതുപോലെ, 'സമൂഹത്തിന് മാതൃകയാക്കാവുന്ന ഒരു വലിയ പ്രവൃത്തിയാണിത്. രണ്ടാമത്തെ മകന്‍ വസന്തിന്റെ വിവാഹം കൂടി ഭംഗിയായി നടത്തിക്കണമെന്നതാണ് എഴുപതുകാരനായ ഈ മനുഷ്യന്റെ അടുത്ത ലക്ഷ്യം. ആസ്തികളോ വലിയ സമ്പാദ്യമോ ഇല്ലാത്ത ഈ മുന്‍ ഡ്രൈവര്‍, മനുഷ്യത്വം എന്ന വലിയ നിധി ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.


