സിഡ്‌നി: വിശപ്പടക്കാന്‍ പണമില്ലാത്തവരല്ല, മറിച്ച് വിലകൂടിയ ഭക്ഷണം ചോദിച്ചുവാങ്ങി ആസ്വദിച്ച് കഴിച്ച ശേഷം ബില്ല് നല്‍കാതിരിക്കാന്‍ തരംതാഴ്ന്ന വഴി തിരഞ്ഞെടുത്ത ഒരു കുടുംബത്തിന്റെ ദൃശ്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിഡ്നിയിലെ പ്രശസ്തമായ 'പോണി ഡൈനിംഗ്' റെസ്റ്റോറന്റിനെ പറ്റിക്കാന്‍ നോക്കിയ ഈ സംഘം ഒടുവില്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങി. ഫെബ്രുവരി 11-ന് രാത്രിയാണ് ആറംഗങ്ങളുള്ള ഈ കുടുംബം റെസ്റ്റോറന്റിലെത്തിയത്. ഏകദേശം 10,000 രൂപയോളം (100 പൗണ്ട്) വിലവരുന്ന ടോമഹോക്ക് സ്റ്റീക്ക് ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ആസ്വദിച്ച് ഭക്ഷണം കഴിച്ച സംഘം, പ്ലേറ്റിലെ ഭക്ഷണം ഏകദേശം തീരാറായപ്പോഴാണ് തനിനിറം പുറത്തെടുത്തത്.

ഭക്ഷണത്തില്‍ രോമം കണ്ടെത്തിയെന്നും റെസ്റ്റോറന്റിലെ വൃത്തി മോശമാണെന്നും പറഞ്ഞ് ഇവര്‍ ജീവനക്കാരോട് തട്ടിക്കയറി. ബില്ല് നല്‍കാന്‍ വിസമ്മതിച്ച ഇവര്‍ വലിയ ബഹളം ഉണ്ടാക്കി. ഒടുവില്‍ കഴിച്ച ഡ്രിങ്ക്‌സിന്റെ പണം മാത്രം നല്‍കി ഇവര്‍ അവിടെ നിന്നും മുങ്ങി. ജീവനക്കാരുടെ ഭാഗത്ത് പിഴവില്ലെന്ന് ഉറപ്പായിരുന്ന റെസ്റ്റോറന്റ് അധികൃതര്‍ പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. സംഘത്തിലുള്ള ഒരാള്‍ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി സ്വന്തം കയ്യിടുക്കില്‍ നിന്ന് രോമം പറിച്ചെടുത്ത് ഭക്ഷണത്തിലേക്ക് ഇടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സൗജന്യമായി ഭക്ഷണം വയറുനിറയെ തട്ടാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നീക്കമായിരുന്നു ഇതെന്ന് ഇതോടെ തെളിഞ്ഞു.

'സാധാരണയായി ഇത്തരം വീഡിയോകള്‍ ഞങ്ങള്‍ പങ്കുവെക്കാറില്ല. എന്നാല്‍ ഞങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ ഇവര്‍ കാണിച്ച മോശം പെരുമാറ്റവും ഈ തട്ടിപ്പും പുറംലോകം അറിയേണ്ടതുണ്ട്.' - പോണി ഡൈനിംഗ് അധികൃതര്‍ (ഫേസ്ബുക്കില്‍ കുറിച്ചത്). വീഡിയോ വൈറലായതോടെ ഈ കുടുംബത്തിന്റെ മുന്‍കാല 'ചരിത്രവും' പുറത്തുവന്നു. സമീപത്തുള്ള മറ്റൊരു റെസ്റ്റോറന്റിലും ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി ഉടമകള്‍ വെളിപ്പെടുത്തി. അന്ന് ഭക്ഷണത്തില്‍ 'കല്ല്' കിട്ടി എന്നാരോപിച്ചായിരുന്നു ഇവര്‍ പണം നല്‍കാതെ പോയത്. വീഡിയോ പ്രചരിച്ചതോടെ മറ്റുള്ളവരുടെ അധ്വാനത്തെ വിലമതിക്കാതെ നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. റെസ്റ്റോറന്റ് ഉടമകളുടെ കൂട്ടായ്മകള്‍ ഈ കുടുംബത്തിന്റെ ചിത്രം മറ്റ് സ്ഥാപനങ്ങളിലേക്കും കൈമാറിയിട്ടുണ്ട്.