കൊച്ചി: ദീര്‍ഘനാളായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് നിര്‍ണായക നീക്കത്തിന് ഒടുവില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു മൊയ്തീന്‍കുട്ടി എന്നാണ് എന്‍ഐഎ പറയുന്നത്. മുന്‍പ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൊയ്തീന്‍കുട്ടി വിദേശത്തേക്ക് കടന്നത്. ഇതോടെ മൊയ്തീന്‍കുട്ടിയെ എന്‍ഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതി വിദേശത്തുനിന്ന് രഹസ്യമായി നാട്ടിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് തൊട്ടുപിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിഎഫ്ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ മൊയ്തീന്‍കുട്ടി നേരത്തേ കൈവെട്ട്ക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടയാളാണെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കായി എന്‍ഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സായുധ കലാപങ്ങള്‍ക്കും കേഡര്‍മാരെ സജ്ജരാക്കുന്നതില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ ഇയാള്‍ക്കായി വലവിരിച്ചത്. വിദേശത്ത് നിന്നും രഹസ്യമായി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥര്‍ ഇയാളെ തടയുകയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ആയുധ പരിശീലന ചുമതല: പോപ്പുലര്‍ ഫ്രണ്ടിന്റെ ശാരീരിക പരിശീലന വിഭാഗത്തിലെ മുഖ്യ ചുമതലക്കാരനായിരുന്നു മൊയ്തീന്‍കുട്ടി. സംഘടനയിലെ അംഗങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും കായികമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഇയാള്‍ പരിശീലനം നല്‍കിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടന്ന രഹസ്യ സായുധ പരിശീലന ക്യാമ്പുകളുടെയും ഗൂഢാലോചന യോഗങ്ങളുടെയും പ്രധാന ഏകോപനം നിര്‍വഹിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിച്ചതിനും ഇയാള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (UAPA) പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മൊയ്തീന്‍കുട്ടിയെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുണ്ട്.

സംഘടനയുടെ സാമ്പത്തിക സ്രോതസുകള്‍, വിദേശ ബന്ധങ്ങള്‍, ഒളിവില്‍ കഴിയുന്ന മറ്റ് നേതാക്കള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി തുടരാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള കനത്ത തിരിച്ചടിയായാണ് ഈ അറസ്റ്റിനെ സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.