ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്ന വിവാദ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിധി നിര്‍ണയിക്കുന്നതിന് നിയമപരമായ യുക്തിയും സഹാനുഭൂതിയും ആവശ്യമാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിട്ടത്.

പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതികളായ പവന്‍, ആകാശ് എന്നിവര്‍ക്കെതിരേ വിചാരണ കോടതി നേരത്തേ വിവിധ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പോക്സോ നിയമപ്രകാരവും ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റവുമാണ് വിചാരണ കോടതി ചുമത്തിയത്. എന്നാല്‍, 2025 മാര്‍ച്ചില്‍ അലഹാബാദ് ഹൈക്കോടതി പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ഇളവ് ചെയ്തു. മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

പൈജാമയുടെ ചരട് പൊട്ടിച്ചയുടന്‍ രണ്ട് പ്രതികളും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും അതിനാല്‍, ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവില്ലെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര പറഞ്ഞത്. വിധി വിവാദമായതോടെ 2025 മാര്‍ച്ച് 26-ന് സുപ്രീംകോടതി ഈ ഉത്തരവ് സ്വമേധായ പരിഗണിക്കുകയും ഹൈക്കോടതിയുടെ വിവാദ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് 2026 ഫെബ്രുവരി പത്തിന് വിവാദ ഉത്തരവ് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്.

ഈ കേസിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യംചെയ്യുന്നതില്‍ ജഡ്ജിമാര്‍ക്കും ജുഡീഷ്യറിക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി(എന്‍ജെഎ)യെയും ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇന്ത്യയുടെ ഭാഷാവൈവിധ്യം കണക്കിലെടുത്തും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന രീതിയിലുമാകണം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.