പത്തനംതിട്ട: പത്തനംതിട്ട ശൂരനാട് സ്വകാര്യ സ്‌കൂളില്‍ ഓഫീസ് സ്റ്റാഫായിരുന്ന യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ നിര്‍ണായക തെളിവുകള്‍. ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14ന് വെളുപ്പിനാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്താണ് യുവതിയെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈല്‍ അന്‍സാരിയാണ് തന്റെ മരണത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കിയത്. 'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍' എന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിരുന്നു. ശൂരനാട് സെന്റ് തോമസ് സ്‌കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്നു യുവതി. അതേ സ്‌കൂളിലെ ജീവനക്കാരനായിരുന്ന സുഹൈല്‍ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടെന്നും അതില്‍ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു.

യുവതി ജോലി ചെയ്തിരുന്ന അതേ സ്‌കൂളിലെ പിആര്‍ഓ ആണ് സുഹൈല്‍ അന്‍സാരി. ഏഴാം മൈലിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂള്‍ ജീവനക്കാരിയായ ശൂരനാട് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയെ (33) ഇന്ന് പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ നിന്നും ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു.

14 ന് പുലര്‍ച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തലേന്ന് രാത്രി ഭര്‍ത്താവും യുവതുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ഭര്‍ത്താവിനെതിരേ തിരിഞ്ഞു. വഴക്കുണ്ടായ ശേഷം യുവതിയുടെ ഫോണും എടുത്ത് ഭര്‍ത്താവ് ആംബുലന്‍സുമായി പമ്പയ്ക്ക് ഓട്ടം പോയിരുന്നു.

സംഭവ ദിവസം ഇന്‍ക്വസ്റ്റ് തയാറാക്കിയ പോലീസിന് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് യുവതിയുടെ വീട്ടുകാര്‍ വീടിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ഡയറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയത്. ഇത് പോലീസിന് കൈമാറി. അതിലൊന്നില്‍ സുഹൈല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് എന്നാണ് പോലീസ് ഭാഷ്യം.

അതേസമയം, അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വന്‍ വീഴ്ച ഉണ്ടായെന്ന് പറയപ്പെടുന്നു. ആത്മഹത്യാക്കുറിപ്പ് പോലെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇന്‍ക്വസ്റ്റ് മഹസറില്‍ ചേര്‍ക്കേണ്ടതാണ്. എന്നാല്‍, ആത്മഹത്യാക്കുറിപ്പ് മൂന്നു ദിവസത്തിന് ശേഷം യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് കണ്ടെത്തിയത്. പോലീസ് വീട് മുഴുവന്‍ വിശദമായി പരിശോധിച്ചില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സുഹൈലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, സുഹൈലിന്റെ പരിധി വിട്ട പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചതോടെ പോലീസിന്റെ സംശയം ഭര്‍ത്താവിന് നേരെ തിരിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്‌സാപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് വഴി തെളിച്ചത്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് അറസ്റ്റ്.

ഇതോടെയാണ് അന്വേഷണം അന്‍സാരിയിലേക്ക് എത്തിയത്. പിന്നാലെ ഏനാത്ത് പൊലീസ് കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുഹൈല്‍ മുന്‍പ് അധ്യാപകനായി ജോലി നോക്കിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഓ ജോലി ചെയ്യുകയായിരുന്നു.