തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ വിമര്‍ശിച്ചുകൊണ്ട് സിപിഎം സൈബര്‍ സംഘം ആരംഭിച്ച 'ഇരുണ്ടകാലം' സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ വ്യാപകമായ തിരുത്തല്‍. 'മകനേ തിരിച്ചു വരല്ലേ' എന്ന ക്യാമ്പയിനില്‍ നിന്ന് അന്തരിച്ച നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കിയാണ് പുതിയ കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനിടെ, പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന വിശദീകരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി.

യുഡിഎഫ് കാലത്തെ മുന്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു ഇന്നലെ കാര്‍ഡുകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് വിവാദമായതോടെ ഇന്ന് പുറത്തിറക്കിയ പുതിയ കാര്‍ഡുകളില്‍ നേതാക്കളുടെ ഫോട്ടോകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, പകരം ഭരണകാലത്തെ വീഴ്ചകളും വിഷയങ്ങളും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച നേതാവ് ആര്യാടന്‍ മുഹമ്മദ്, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങളാണ് ക്യാമ്പയിനില്‍ നിന്ന് നീക്കം ചെയ്തത്.

പാര്‍ട്ടിയുടെ സൈബര്‍ വിംഗില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മാധ്യമപ്രവര്‍ത്തകരായ ഇ.എസ്. സുബാഷും മോഹന്‍ദാസും രംഗത്തെത്തി. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോഴും വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയയുമായി സഹകരിക്കാറുണ്ടെന്നും ഇപ്പോള്‍ അതില്‍ കൂടുതല്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സൈബര്‍ ഗ്രൂപ്പില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് മോഹന്‍ദാസും ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശാഭിമാനി പ്രവര്‍ത്തകരെ പല ഘട്ടങ്ങളില്‍ താല്‍ക്കാലികമായി നിയോഗിക്കാറുണ്ടെന്നും ആ രീതിയില്‍ താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.