കൊല്ലം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന ഗുരുതര ആരോപണവുമായി മുന്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് രംഗത്തു വരുന്നത് രാഷ്ട്രീയ ചര്‍ച്ചയായി മാറും. യുവതീപ്രവേശന വിഷയത്തില്‍ താന്‍ സ്വീകരിച്ച ഉറച്ച നിലപാടിലുള്ള പകയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സര്‍ക്കാരിനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രതിപക്ഷം ഇത് ഏറ്റു പിടിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്ത്രിയ്ക്ക് ജാമ്യം അനുവദിച്ച കോടതി ഉത്തരവും നിര്‍ണ്ണായകമാണ്. തന്ത്രിക്കെതിരെ തെളിവില്ലെന്ന തരത്തിലെ നിരീക്ഷണവും പ്രതിപക്ഷം ആയുധമാക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന തന്ത്രി കണ്ഠരര് രാജീവരുടെ വെളിപ്പെടുത്തല്‍ പിണറായി സര്‍ക്കാരിനെ വമ്പന്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിടും. യുവതീപ്രവേശനത്തെ നവോത്ഥാനമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ ശ്രമങ്ങളെ തന്ത്രി തടഞ്ഞത് ഭരണമുന്നണിയിലെ ഉന്നതരെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വേട്ടയാടല്‍ എന്നാണ് പറയാതെ പറയുന്നത്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കൃത്രിമ തെളിവുകളും കഥകളും മെനയുകയാണെന്ന് തന്ത്രി പറയുന്നു.

ഭരണകക്ഷിയുടെ നിര്‍ദ്ദേശപ്രകാരം സന്നിധാനത്തുണ്ടായിരുന്ന ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യുവതീപ്രവേശനം സുഗമമാക്കാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ ക്ഷേത്രം തന്ത്രി എന്ന നിലയില്‍ താന്‍ അത് തടഞ്ഞു. ഇതിലുള്ള പ്രതികാരമാണ് ഇപ്പോള്‍ പോലീസ് തീര്‍ക്കുന്നത്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് താന്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ശബരിമല നട എല്ലാ ദിവസവും തുറക്കണമെന്ന നിര്‍ദ്ദേശത്തെയും ശക്തമായി എതിര്‍ത്തു. ഈ നിലപാടുകള്‍ ഭരണമുന്നണിയിലെ സ്വാധീനമുള്ള വ്യക്തികളെ ചൊടിപ്പിച്ചു. തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. സ്വര്‍ണ്ണപ്പൊതി ക്ഷേത്രത്തിലെത്തിച്ചത് താനാണെന്ന് സ്ഥാപിക്കാന്‍ വ്യാജ കഥകള്‍ മെനയുകയായിരുന്നു. ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിയെയും കേസില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കാനാണ് ശ്രമം നടന്നത്.

കണ്ഠരര് രാജീവര് ഉന്നയിച്ച വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കേസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് തന്ത്രിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് വലിയ തിരിച്ചടിയായി. തെളിവുകളുടെ അഭാവം: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്വര്‍ണ്ണത്തിന്റെ കൈകാര്യം ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണെന്നും തന്ത്രിക്ക് താന്ത്രികമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. തന്ത്രിയുടെ മോശം ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

യുവതീപ്രവേശന കാലത്ത് 'നവോത്ഥാനം' നടപ്പാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ തന്ത്രിയെ ലക്ഷ്യം വെച്ച് കരുനീക്കം നടത്തുകയാണെന്ന ആരോപണം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കട്ടിലപ്പാളി കേസിനും ദ്വാരപാലക ശില്പ കേസിനും പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന തന്ത്രിയുടെ വാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് തന്ത്രിക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി. കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത് എന്നത് അന്വേഷണ സംഘത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു. സ്വര്‍ണ്ണത്തിന്റെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും തന്ത്രിക്ക് താന്ത്രികമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്നുമുള്ള വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്.

തന്ത്രിയുടെ ഈ വെളിപ്പെടുത്തലുകള്‍ വിശ്വാസി സമൂഹത്തിനിടയില്‍ വീണ്ടും സര്‍ക്കാരിനെതിരെ വികാരം ഉയര്‍ത്താന്‍ കാരണമായേക്കും. യുവതീപ്രവേശന കാലത്തെ പോലീസ് നടപടികളും അന്നത്തെ ഗൂഢാലോചനകളും വീണ്ടും ചര്‍ച്ചയാകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട്.