- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വന്തക്കാരെയും പാര്‍ട്ടി അനുയായികളെയും സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത പ്രഹരം; താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി; നീക്കം കോടതി അലക്ഷ്യമെന്നും വിലയിരുത്തല്‍; ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ്; പിണറായിയുടെ ആ മോഹം നടക്കില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലും 10 വര്‍ഷമായി ദിവസക്കൂലി അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ സ്ഥിരപെടുത്താനുള്ള സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലിക നിയമനം ലഭിച്ചവരെ സെപ്റ്റംബര്‍ 2025 ന് ശേഷം സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിനുമുമ്പ് 2021ല്‍ നടത്തിയ താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ ചോദ്യംചെയ്ത് സമര്‍പ്പിച്ച് റിട്ട് ഹര്‍ജിയില്‍, സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തസ്തികകളില്‍ നിയമിച്ച താല്‍ക്കാലികക്കാരെ മാത്രം സ്ഥിരപ്പെടുത്തുവാനും മേലില്‍ ആരെയും സ്ഥിരപ്പെടുത്താന്‍ പാടില്ലെന്നും ഉത്തരവി ട്ടിരുന്നു. പ്രസ്തുത ഉത്തരവ് നിലനില്‍ക്കേ വീണ്ടും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി രണ്ടാഴ്ച മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ: നവനീത് കൃഷ്ണന്‍ ഹാജരായി.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് നിയമനനീക്കം നടന്നത്. ഹൈക്കോടതി വിലക്ക് മറികടന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തിരുമാനിച്ചിരുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നവരെയുമാണു സ്ഥിരപ്പെടുത്തുക.
ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുന്നതിനും തീരുമാനിച്ചിരുന്നു. മാത്രമല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സ്ഥിരനിയമനം നല്‍കാനായിരുന്നു മന്ത്രിസഭായോഗ തീരുമാനം. ഇതില്‍ ഏറെയും സിപിഎം കുടുംബാഗങ്ങളും പാര്‍ട്ടി അനുയായികളും ആണെന്നാണ് ആരോപണം. രണ്ടാം പിണറായി ഭരണം അവസാനിക്കും മുമ്പ് ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് പൊളിഞ്ഞത്.
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നിലവിലിരിക്കെ പത്തുവര്‍ഷത്തിലധികം സര്‍വീസുള്ളവരെ മാനുഷിക പരിഗണനയുടെ പേരില്‍ സ്ഥിരപ്പെടുത്തുന്നത് 'പിന്‍വാതില്‍ നിയമന'മാണെന്ന ആക്ഷേപം ശക്തമാണ്. സ്വന്തക്കാരെയും പാര്‍ട്ടി അനുയായികളെയും തിരുകിക്കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത പ്രഹരം. പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും കലാമണ്ഡലത്തിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തിരക്കിട്ട നീക്കമാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് തടഞ്ഞത്.
2025 സെപ്റ്റംബറിന് ശേഷം ആരെയും സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ, അത് ലംഘിച്ചു നടത്തിയ സര്‍ക്കാര്‍ നീക്കം കോടതി അലക്ഷ്യമാണെന്ന നിരീക്ഷണം ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി സ്വന്തക്കാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ശ്രമം കോടതി തടയുകയാണ്.


