- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ഥനകളും വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; ക്യാബിനുള്ളില്‍ മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു; രക്ഷപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറം ആതവനാട് ഊരോത്തുംപള്ളിയാലില്‍ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ക്ലീനര്‍ മുസ്തഫക്കായുള്ള രക്ഷാപ്രവര്‍ത്തനം വിഫലം. മേല്‍മുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളില്‍ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂര്‍ണ്ണമായി പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടര്‍ ഇറക്കി ലോറി ക്യാബിന്‍ പൊളിച്ചു മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിലെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് ചെങ്ങോട്ടുര്‍ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു.
ഏഴു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ക്വാറിയിലെ വെള്ളത്തില്‍നിന്ന് ലോറി ഉയര്‍ത്താനായത്. ലോറി ഉയര്‍ത്താനുള്ള നാല് ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം അഞ്ചാം ശ്രമത്തിലാണ് ഉയര്‍ത്താനായത്. ഫയര്‍ഫോഴ്സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് ലോറി വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് ലോറിയുടെ ക്യാബിന്‍ പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായാണ് ലോറി ക്വാറിയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ജാഫറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ലോറി വീണതിനു പിന്നാലെ ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ സഹായിയായിരുന്നു മരിച്ച മുസ്തഫ.
തിരൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്‌കൂബ ഡൈവേഴ്സും സ്ഥലത്ത് എത്തിയെങ്കിലും വളരെ വൈകിയാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. രക്ഷപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.


