ലണ്ടന്‍: ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളുമായി മുന്നോട്ട് പോവുകയാണ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപാര്‍ഹമായ ഫേസ്ബുക്ക് പോസ്റ്റിട്ട ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ ഡോക്ടറെ മുംബൈ പോലീസ് ബ്രിട്ടനിലേക്ക് തിരികെ യാത്ര ചെയ്യുന്നത് വിലക്കിയത് ഇപ്പോള്‍ വലിയ വാര്‍ത്തായായി ആഘോഷിക്കുകയാണവര്‍. ലിക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 19 ന് എന്‍ എച്ച് എസ്സിലെ ഡോക്ടറായ സംഗ്രാം പാട്ടിലിനെ യു കെയിലെക്കുള്ള വിമാനത്തില്‍ കയറുന്നതില്‍ നിന്നും പോലീസ് തടയുകയായിരുന്നു.

എന്നാല്‍, ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിശദാംശങ്ങള്‍ നല്‍കാനോ പ്രതികരണം നടത്തുന്നതിനോ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രാദേശിക ഭരണകൂടവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യയിലുള്ള ഒരു ബ്രിട്ടീഷ് പൗരന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മാത്രമായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ ബി ജെ പി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നനിഖില്‍ ബാമ്രെ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു പ്രമുഖ ബി ജെ പി നേതാവിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം എന്ന് മാത്രമെ ബാമ്രെയുടെ പരാതിയില്‍ പറയുന്നുള്ളു എന്നും, എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാട്ടില്‍ ഫേസ്ബുക്കില്‍ ഒരു കമന്റിട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി വരുന്നതെന്നും ബി ബി സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാട്ടീലിന്റെ പോസ്റ്റ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നതാണെന്ന് പോലീസ് പറയുന്നു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ശത്രുതാ മനോഭാവവും സൃഷ്ടിക്കുന്ന വിധത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ലുക്ക്ഔട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാട്ടീല്‍ കോടതിയെ സമീപിച്ചിട്ടുണ്ട് ടൂറിസ്റ്റ് വിസയില്‍, ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരു വിദേശ പൗരന്‍ രാജ്യത്തിനെതിരെ അവമതിപ്പ് ഉണ്ടാക്കുന്നതും, വ്യാജവും, വിഭാഗീയത സൃഷ്ടിച്ചേക്കാവുന്നതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തു എന്നാണ് പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പാട്ടീല്‍ നല്‍കിയ പരാതി തള്ളണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.