- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് കാലത്തെ 'കൈയബദ്ധം' എന്ന് പറഞ്ഞ് ഇനി രക്ഷപ്പെടാന്‍ നോക്കണ്ട! ഉഷയുടെ വയറ്റില്‍ നിന്നും ആ 'കത്രിക' പുറത്തെടുത്തത് സ്വകാര്യ ആശുപത്രിയില്‍; രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാവല്‍; ഒടുവില്‍ അഞ്ചു കൊല്ലത്തെ വേദനയ്ക്ക് അറുതി; തൊണ്ടിമുതല്‍ പോലീസിന് കൈമാറി

കൊച്ചി: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥയെത്തുടര്‍ന്ന് അഞ്ച് വര്‍ഷമായി വയറ്റില്‍ കത്രികയുമായി ജീവിച്ച പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിക്ക് (51) ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ നടന്ന ശസ്ത്രക്രിയയിലൂടെയാണ് വയറ്റിലുണ്ടായിരുന്ന 'ആര്‍ട്ടറി ഫോഴ്സെപ്സ്' പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. കേസ് നിലവിലുള്ളതിനാല്‍ അതീവ ജാഗ്രതയോടെയായിരുന്നു ശസ്ത്രക്രിയ നടപടികള്‍.
വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍തന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇത് വരുംദിവസങ്ങളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റില്‍ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആര്‍ട്ടെറി ഫോര്‍സെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്. അന്നുമുതല്‍ നിരന്തരമായ വയറുവേദനയും മൂത്രത്തില്‍ രക്തം വരുന്ന അവസ്ഥയും ഉഷയെ വേട്ടയാടി. പല ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്തിയില്ല.
2021 മേയ് 10-നായിരുന്നു ശസ്ത്രക്രിയ. പിന്നീട്, നിരന്തരമായ വയറുവേദനയും മൂത്രത്തില്‍ രക്തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവില്‍, ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി മനസ്സിലായത്. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡുംചെയ്തു.
ഡോ. ഷാഹിദയുടെ നേതൃത്വത്തിലുളള ഒന്‍പതംഗസംഘമാണ് 2021-ല്‍ ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. സീനിയര്‍ റസിഡന്റും പി.ജി. ഡോക്ടറും അനസ്തീസ്യ വിഭാഗത്തിലെ മൂന്നുഡോക്ടര്‍മാരും മൂന്നുനഴ്സുമാരും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും മുഴുവന്‍ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയെന്നാണ് ചികിത്സാരേഖകളിലുള്ളത്. എന്നാല്‍, ഇതില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് സംശയം.
അതിനിടെ, വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോഗ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും രംഗത്തെത്തി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവര്‍ത്തിക്കുന്ന ഇത്തരം ചികിത്സാ പിഴവുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയാണിതെന്നും മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.


