ലണ്ടന്‍: വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് 10 വര്‍ഷം പഴക്കമുള്ള ക്യാമറ ഉപയോഗിച്ച് 14 കാരനായ ഇന്ത്യന്‍ ബാലന്‍ ഫോട്ടോഗ്രാഫി ലോകത്തിന്റെ അത്യുന്നതങ്ങളിലേക്ക് നടന്നു കയറിയത്. വൈല്‍ഡ് ഫോട്ടോഗ്രാഫിയില്‍ ഏറെ താത്പര്യമുള്ള ഋത്വേദ് ഗിരിഷ് എന്ന ബാലന്‍ തേനീച്ചക്കൂടിന്റെ ചിത്രം പകര്‍ത്തിയാണ് ഇന്റര്‍നാഷണല്‍ ക്ലോസ് അപ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സിലെ യുവ ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. തേന്‍കൂടുകളുടെ രക്ഷിതാക്കള്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

കേരളത്തിലെ, മേഴത്തൂരിലുള്ള ഒരു തേനീച്ച കൂട്ടില്‍ കാവല്‍ നില്‍ക്കുന്ന കൊമ്പില്ലാ ഈച്ചകളുടെ ഗണത്തില്‍ പെടുന്ന തേനീച്ചകളുടെ ചിത്രമാണ് ഈ ബാലന്‍ പകര്‍ത്തിയത്. ഷഡ്പദങ്ങള്‍ മനുഷ്യരെ ആശ്രയിക്കുന്നതിനേക്കാള്‍ കൂടുതലായി മനുഷ്യര്‍ അവയെ ആശ്രയിക്കുന്നു എന്നതിനെ കുറിച്ച് ഒരു നിശബ്ദമായ വിവരണമാണ് ഈ ചിത്രം നല്‍കുന്നത് എന്നാണ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടത്. യുഎഇയില്‍ താമസിക്കുന്ന, ബംഗലൂരു സ്വദേശിയായ ഋത്വേദ് തന്റെ സ്‌കൂള്‍ അവധിക്കാലങ്ങളില്‍ കേരളത്തില്‍ സ്ഥിരമായി എത്താറുണ്ട്.

അത്തരമൊരു സന്ദര്‍ശനവേളയിലായിരുന്നു ടെട്രഗൊനുല എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന കൊമ്പില്ലാ തേനീച്ചകളുടെ കൂട് ഋത്വേദിന്റെ ശ്രദ്ധയില്‍ പെടുന്നത്. ചെറിയ കുഴല്‍ പോലുള്ള പ്രവേശന കവാടമാണ് ഇവയുടെ കൂടുകളുടെ ഏറ്റവും വലിയ പ്രത്യേകത. തേനീച്ചകളെ ശല്യപ്പെടുത്താത് ഏറെ കാത്തുനിന്നപ്പോഴാണ് പ്രവേശനകവാടം സംരക്ഷിക്കാന്‍ എത്തിയ തേനിച്ചകളുടെ ക്ലോസ് അപ് എടുക്കാന്‍ കഴിഞ്ഞത്.

ബ്രാന്‍ഡ് ന്യൂ മിറര്‍ലെസ് ക്യാമറയോ അതല്ലെങ്കില്‍ ആധുനിക ലെന്‍സോ ഈ അപൂര്‍വ്വ ദൃശ്യം ചിത്രീകരിക്കാന്‍ ഋത്വേദ് ഉപയോഗിച്ചില്ല എന്നതാണ് ഏറെ അതിശയകരമായ കാര്യം. ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുള്ള ഒരു നിക്കോണ്‍ ഡി 850 ഡി എസ് എല്‍ ആര്‍ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വളരെ ചെറിയ വസതുക്കളുടെ വിശദാംശങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന തേര്‍ഡ്പാര്‍ട്ടി മാക്രൊ ലെന്‍സും ഉപയോഗിച്ചിരുന്നു. തേന്‍ ഉല്പാദിപ്പിക്കുന്നതിനു പുറമെ പല സസ്യങ്ങളുടെയും പരാഗ വിതരണത്തിനും ഈ കുഞ്ഞന്‍ ഈച്ചകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഭൂഗോളത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതില്‍ വലിയൊരു പങ്കാണ് ഇവ വഹിക്കുന്നതെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു.

പരാഗ വിതരണം നടത്തി, സസ്യങ്ങളുടെ പ്രത്യുത്പാദനം പ്രോത്സാഹിപ്പിച്ച് ഭക്ഷണം ഉറപ്പു വരുത്തുന്നവര്‍, അങ്ങനെ ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നവര്‍ സ്വന്തം ആവാസകേന്ദ്രം സംരക്ഷിക്കുന്ന ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. പ്രത്യേകിച്ചും ഇത്തരം തേനീച്ചകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്ന കാലത്ത്.