സാന്റിയാഗോ: ദക്ഷിണ അമേരിക്കൻ രാജ്യമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ പാചകവാതകം കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് വൻ സ്ഫോടനം. വ്യാഴാഴ്ച നടന്ന ഈ ദാരുണമായ അപകടത്തിൽ ടാങ്കർ ഡ്രൈവർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈവേയിലൂടെ വേഗത്തിൽ പടർന്ന ഗ്യാസ് മേഘവും തുടർന്നുള്ള തീപിടുത്തവും പ്രദേശം ഒരു യുദ്ധക്കളത്തിന് സമാനമാക്കി മാറ്റി.

സാന്റിയാഗോയിലെ റെങ്ക (Renca) എന്ന പ്രദേശത്താണ് അപകടം നടന്നത്. ലിക്വിഡ് ഗ്യാസ് കയറ്റിയ ടാങ്കർ ഹൈവേയിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്ന് ഒരു വലിയ ചാരനിറത്തിലുള്ള പുകപടലം പോലെ റോഡിലുടനീളം പടർന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ, വാഹനയാത്രക്കാർ പരിഭ്രാന്തരായി യു-ടേൺ എടുത്തും വാഹനം പിന്നോട്ടെടുത്തും രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം.

വെറും 30 സെക്കൻഡുകൾക്കുള്ളിൽ ഹൈവേ പൂർണ്ണമായും ഗ്യാസ് മേഘത്തിനടിയിലായി. തുടർന്നുണ്ടായ ഉഗ്രസ്ഫോടനം 200 മീറ്ററോളം ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിച്ചു. അപകടസ്ഥലത്തുണ്ടായിരുന്ന 50-ഓളം കാറുകൾ സ്ഫോടനത്തിൽ പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പരിക്കേറ്റ 17 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെട്രോപൊളിറ്റൻ ഗവർണർ ക്ലോഡിയോ ഒറെഗോ അറിയിച്ചു. ഒരാളുടെ ശരീരത്തിന് 100 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്, ഇയാളുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിലിയിലെ ഗ്യാസ്കോ (Gasco) എന്ന കമ്പനിയുടെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അനുശോചനം രേഖപ്പെടുത്തി.

അതേസമയം, 2026 ജനുവരിയിൽ ചിലിയെ പിടിച്ചുലച്ച വലിയ കാട്ടുതീ ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ ഗ്യാസ് ടാങ്കർ സ്ഫോടനവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഉണ്ടായ കാട്ടുതീയിൽ 18 പേർ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. 21,000 ഏക്കറോളം ഭൂമി അന്ന് കത്തിനശിച്ചിരുന്നു. അന്ന് പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്.

അപകടകാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് റെസ്‌പോണ്ടർമാർക്കും വലിയ തോതിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.