- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ചേര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ ആംബുലന്‍സില്‍ നെയ്യാര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കാട്ടാക്കടയിലും ചികില്‍സാ പിഴവ്; ആരോപണം മമല്‍ ആശുപത്രിക്കെതിരെ; മരിച്ചത് രണ്ടര വയസ്സുകാരി

കാട്ടാക്കട: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ആര്യനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമാ മന്‍സിലില്‍ ഫാസിലത്തിന്റെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ആര്യനാട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ 18ന് ഉച്ചയോടെ കുഞ്ഞിന് ശ്വാസതടസ്സവും തളര്‍ച്ചയും കണ്‍പോളകളില്‍ തടിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് പനിയും തളര്‍ച്ചയും കൂടിയതോടെ കാട്ടാക്കട മമല്‍ ആശുപത്രിയിലും, 20ന് കണ്‍പോളയിലെ തടിപ്പിന് കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ വീണ്ടും വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഞ്ഞിനെ മമല്‍ ആശുപത്രിയില്‍ തന്നെ എത്തിക്കുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തവും മൂത്രവും പരിശോധനയ്ക്കായി അയച്ചു. തുടര്‍ന്ന് ശ്വാസതടസ്സം മാറാന്‍ ആവി പിടിക്കുകയും ഓക്‌സിജന്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷം കുഞ്ഞിന് രണ്ട് ഇന്‍ജക്ഷനുകള്‍ നല്‍കിയതോടെ നില കൂടുതല്‍ വഷളായെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉടന്‍ തന്നെ മമല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ചേര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ ആംബുലന്‍സില്‍ നെയ്യാര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.55 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നെയ്യാര്‍ മെഡിസിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.


