ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധത ശക്തിപ്രാപിക്കുമ്പോള്‍, അതിനെ മനുഷ്യത്വരാഹിത്യത്തിന്റെ വളര്‍ച്ചയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലഭിച്ചുകൊണ്ടിരുന്ന പരിഗണനകള്‍ ഓരോന്നായി ഇല്ലാതെയാകുമ്പോള്‍ ഇരവാദം മുഴക്കി കുടിയേറ്റക്കാരനുവേണ്ടി രംഗത്തെത്താറുമുണ്ട്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ മാറുന്ന മനോഭാവത്തിന് മൂലകാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറ്റ്ചാപ്പലില്‍ ഉണ്ടായിരിയ്ക്കുന്നത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ബൈബിള്‍ വായിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സുവിശേഷ പ്രസംഗകനെ ജനങ്ങള്‍ വിലക്കി. എന്നാല്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സൂക്ഷിച്ചു. ബൈബിള്‍ വായന തടയാന്‍ വന്നവരോട് ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഒരു രാജ്യമാണെന്ന് അവര്‍ ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു. 'നിങ്ങളില്‍ പലര്‍ക്കും അത് കേള്‍ക്കാന്‍ ഇഷ്ടമില്ലെന്നറിയാം, അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാതെ നടന്ന് പൊയ്‌ക്കോളൂ. അദ്ദേഹം നിങ്ങളുടെ വീട്ടില്‍ വന്നൊന്നുമല്ല പ്രസംഗക്കുന്നത്' വനിത പോലീസ് ഉദ്യോഗസ്ഥ ഉറച്ച സ്വരത്തില്‍ തന്നെയായിരുന്നു പറഞ്ഞത്.

അപ്പോഴാണ് കറുത്ത സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചെത്തിയ ഒരു പുരുഷനെത്തി പോലീസ് ഉദ്യോഗസ്ഥയെ ഇത് വൈറ്റ്ചാപ്പലാണെന്നും, ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നും ഓര്‍മ്മിപ്പിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ വനിത പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. സാഹചര്യം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു എന്ന് ഭൂരിഭാഗം പേരും പറയുന്നു. അവരെ ഒരു വീരനായികയായി പുകഴ്ത്തുന്നവരും കുറവല്ല. ഇടയ്ക്ക്, രൂക്ഷമായി വലിയൊരു പ്രശ്‌നമായി മാറിയേക്കാം എന്ന ഘട്ടം വരെ എത്തിയ പ്രശ്‌നമായിരുന്നു അവര്‍ വളരെ ലളിതമായി, എന്നാല്‍ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്ത് ശാന്തമാക്കിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്‌കുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മോസ്‌കില്‍ നിന്നും അല്പം അകലെയായാണ് സംഭവം നടന്നത്. മൈക്രോഫോണിലൂടെ ഒരു പുരുഷന്‍ ബൈബിള്‍ വാക്യങ്ങള്‍ പറയുന്നത് സമൂഹമാധ്യമങ്ങളില്‍ ലഭ്യമായ ദൃശ്യങ്ങളില്‍ കാണാം. അതിനിടയില്‍ ഒരാള്‍ യേശുവിനെ കുറിച്ച് സംസാരിച്ചാല്‍ മതി, മുഹമ്മദിനെ കുറിച്ച് സംസാരിക്കരുതെന്ന് പറയുന്നത് കേള്‍ക്കാം. മറ്റൊരാള്‍ നിങ്ങളുടെ ദൈവം ഒരു യഹൂദനാണെന്ന് ആക്ഷേപിക്കുന്നതും കേള്‍ക്കാം.

സുവിശേഷ പ്രസംഗകന്‍, ഇസ്ലാമതത്തെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോഴാണ് ഇടപെട്ടതെന്ന് ചില പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, അക്കാര്യം സുവിശേഷ പ്രസംഗകന്‍ നിഷേധിക്കുകയാണ്. ഖുറാനില്‍ നിന്നുള്ള ചില വാക്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അയാള്‍ പറയുന്നു. അതിനിടയിലാണ് വനിത പോലീസ് ഉദ്യോഗസ്ഥ ഇടപെട്ട് രംഗം ശാന്തമാക്കിയത്. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് വൈറ്റ്ചാപ്പലിലെ മൊത്തം 18,841 പേരില്‍ 52.2 ശതമാനം പേര്‍ മുസ്ലീങ്ങളാണ്.