പത്തനംതിട്ട: നീതി ലഭിക്കാന്‍ കാലതാമസം ഉണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസും ഏനാത്ത് സ്റ്റേഷനും. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 71-കാരന് മൂന്നര മാസത്തിനുള്ളില്‍ ശിക്ഷ വാങ്ങിനല്‍കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. 2025 നവംബര്‍ 5-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയില്‍ വീട്ടില്‍ സുന്ദരേശനെ (71) തൊട്ടടുത്ത ദിവസം തന്നെ ഏനാത്ത് പോലീസ് പിടികൂടി. ഏനാത്ത് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു എന്നുള്ളതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും കാലതാമസമില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

കോടതി വിധി

വിചാരണ വേഗത്തിലാക്കാന്‍ DCRB DySP ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം കോടതി നടപടികള്‍ ഏകോപിപ്പിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി T. മഞ്ജിത്ത് പ്രതിക്ക് എട്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്മിതാ ജോണ്‍ ഹാജരായി.

അന്വേഷണ സംഘം

ഇന്‍സ്‌പെക്ടര്‍ അനൂപ് അച്ചന്‍ കുഞ്ഞിനൊപ്പം SI ധന്യ, ASI-മാരായ രവികുമാര്‍, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ് എന്നിവരും നിരവധി സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വനിതാ പോലീസും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കുറ്റകൃത്യം നടന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നീതി നടപ്പാക്കിയത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.