- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നേപ്പാളില്‍ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞു; ബ്രിട്ടീഷ് പൗരനടക്കം 19 പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്; കാണാതായ ചൈനീസ് പൗരനായി തിരച്ചില്‍; അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം; അന്വേഷണം പ്രഖ്യാപിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. പടിഞ്ഞാറന്‍ നേപ്പാളിലെ മലയോര പാതയില്‍ നിന്ന് യാത്രാ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചതില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 9 പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു ന്യൂസിലന്‍ഡ് പൗരനും ചൈനീസ് പൗരനും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കാഠ്മണ്ഡുവില്‍ നിന്ന് 50 മൈല്‍ പടിഞ്ഞാറ് ധാഡിംഗ് ജില്ലയിലെ ബെഹിഘട്ടിലാണ് അപകടമുണ്ടായത്. ബസ് റോഡില്‍ നിന്ന് 650 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുലര്‍ച്ചയോടെ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബസില്‍ ആകെ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാണാതായ ഒരു ചൈനീസ് പൗരന് വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേപ്പാളിലെ ദുര്‍ഘടമായ മലയോര പാതകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് പലപ്പോഴും ഇത്തരം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സംഭവം നടന്നത് പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്നാണ് അധിക്യതര്‍ പറഞ്ഞത്.
അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പോലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു. നേപ്പാള്‍ അധികൃതര്‍ മരണം സ്ഥിരീകരിക്കുകയും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും 28 ഓളം പേരെ പരുക്കുകളോടെ പുറത്തെത്തിക്കുകയും ചെയ്തു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പടിഞ്ഞാറന്‍ നേപ്പാളില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മര്‍സ്യാങ്ദി നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 500 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ദുര്‍ഘടമായ മലയോര പാതകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായതും വാഹനങ്ങളുടെ അമിതഭാരവും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ അപകടത്തെക്കുറിച്ച് നേപ്പാള്‍ അധികൃതര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


