തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിന്റെ ടീസര്‍ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രിയുടെ വ്യക്തിജീവിതം, രാഷ്ട്രീയ യാത്ര, സര്‍ക്കാരിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അഭിമുഖത്തില്‍ പ്രധാനമായും കടന്നുവരുന്നത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ വെച്ചാണ് ചിത്രീകരണം നടന്നത്. ഇതിനായി രണ്ട് ദിവസമാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ചെലവഴിച്ചത്. . ക്ലിഫ് ഹൗസില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോഹന്‍ലാല്‍ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹന്‍ലാല്‍ എത്തിയത്. ആദ്യദിവസം അഭിമുഖത്തില്‍ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ് ചെയ്തത്. തുടര്‍ന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ സുഹൃത്ത് എം.ബി. സനില്‍ കുമാര്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. മുന്‍പ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സര്‍ക്കാര്‍ വന്‍തോതിലുള്ള പി.ആര്‍. (PR) പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഈ അഭിമുഖം പുറത്തുവരുന്നത്. കേരളത്തിലെ ഏറ്റവും ജനപ്രിയനായ താരം തന്നെ മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാനെത്തുന്നത് രാഷ്ട്രീയമായി വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനപ്രിയതാരമായ മോഹന്‍ലാല്‍ ഉള്‍പ്പെട്ടതിനാല്‍ ഏത് രീതിയിലാകും ഇതിനെ പ്രതിപക്ഷം നേരിടുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കൗതുകം.

പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ള മോഹന്‍ലാല്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അഭിമുഖത്തിന്റെ കാര്യം സൂചിപ്പിച്ചത്. മോഹന്‍ലാല്‍ തയാറാണെന്ന് അറിയിച്ചതോടെ ചിത്രീകരണം നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് സൂചന. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വരും ദിവസങ്ങളില്‍ പ്രമുഖ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യും.