തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കുമായ ജിജിനാണ് അഞ്ചുപേര്‍ക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാറ്റിക് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെയോടെയായിരുന്നു ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുകയായിരുന്നു ജിജിന്‍.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന വ്യക്തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. ഉടനെ തന്നെ ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ ലഭ്യമായിട്ടുണ്ട്. ഒരു വൃക്കയും കരളും 9 മണിയോടെ കിംസ് ആശുപത്രിയിലെത്തിക്കും. ഒരു വൃക്ക മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് നല്‍കുന്നത്.

ഫെബ്രുവരി 22നാണ് ജിജിന് അപകടം സംഭവിക്കുന്നത്. പുലര്‍ച്ചെ വീട്ടിലേക്ക് വരുന്ന വഴി കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് ജിജിന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.