- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്മുന്നിൽ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തി 32-കാരൻ; പിടഞ്ഞു വീണത് നാല് ജീവനുകൾ; കൊലയാളിക്ക് നേരെ നിറയൊഴിച്ച് പോലീസ്; ശാന്തസുന്ദരമായ തീരദേശ നഗരത്തെ നടുക്കി കൂട്ടക്കുരുതി

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ഗിഗ് ഹാർബറിൽ ഉണ്ടായ കൂട്ടക്കുരുതിയിൽ നാല് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം. കടൽത്തീരത്തെ ശാന്തമായ ഈ പ്രദേശത്ത് 32 വയസ്സുകാരനായ അക്രമി വഴിയാത്രക്കാരെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 9 മണിയോടെ 87-ാം അവന്യൂ കോർട്ടിലെ ഒരു വീടിന് സമീപത്താണ് ആക്രമണം നടന്നത്. സംരക്ഷണ ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് രക്തരൂക്ഷിതമായ ദൃശ്യങ്ങൾ കണ്ടതെന്ന് പിയേഴ്സ് കൗണ്ടി ഷെരീഫ് അറിയിച്ചു.
തെരുവിലിട്ടാണ് അക്രമി ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പോലീസ് സംഭവസ്ഥലത്തേക്ക് എത്തുന്നതിനിടെ തന്നെ, വീടിന് പുറത്ത് ഒരാൾ ആളുകളെ തുരുതുരാ കുത്തിവീഴ്ത്തുന്നതായി ദൃക്സാക്ഷികൾ കൺട്രോൾ റൂമിൽ വിവരമറിയിച്ചിരുന്നു. ശാന്തമായ ഈ പ്രദേശത്തെ നടുക്കി നടന്ന ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ നാലാമത്തെയാളെ പാരാമെഡിക്കൽ സംഘം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കൂട്ടം ആളുകൾ നോക്കിനിൽക്കെ, റോഡിന് നടുവിൽ വെച്ചാണ് ഇരകളിൽ ഒരാളെ അക്രമി ക്രൂരമായി കുത്തിവീഴ്ത്തിയതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 9:30-ഓടെ സംഭവസ്ഥലത്തെത്തിയ ഷെരീഫ് ഡെപ്യൂട്ടി അക്രമിയെ വെടിവെച്ചു കൊന്നു. രാവിലെ 8:45-ഓടെയാണ് അക്രമി 'നോ കോൺടാക്റ്റ് ഓർഡർ' (അടുത്തേക്ക് വരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ്) ലംഘിച്ചതായി പോലീസിന് ഫോൺ സന്ദേശം ലഭിച്ചത്.
എന്നാൽ, ഈ ഉത്തരവ് പ്രതിക്ക് ഔദ്യോഗികമായി കൈമാറാത്തതിനാൽ സംഭവസമയത്ത് ഇതിന് നിയമസാധുത ഉണ്ടായിരുന്നില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. പ്രതിക്ക് ഉത്തരവ് കൈമാറുന്നതിനായി അതിന്റെ പകർപ്പ് ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നു. എന്നാൽ അവർ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമി തന്റെ കൊലവിളി ആരംഭിച്ചു കഴിഞ്ഞിരുന്നു. കേസ് അന്വേഷണം പിയേഴ്സ് കൗണ്ടി ഫോഴ്സ് ഇൻവെസ്റ്റിഗേഷൻ ടീം ഏറ്റെടുത്തു.
നിലവിൽ സംഭവസ്ഥലത്ത് പരിശോധനകൾ സജീവമായി തുടരുകയാണെന്ന് അവർ അറിയിച്ചു. രാവിലെ 9.33-ഓടെ ഷെരീഫ് ഡെപ്യൂട്ടി അക്രമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. വാഷിംഗ്ടൺ സ്റ്റേറ്റിലെ ടക്കോമയിൽ നിന്നും ഏകദേശം 15 മൈൽ വടക്കുപടിഞ്ഞാറായി പ്യൂഗെറ്റ് സൗണ്ടിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തീരദേശ നഗരമാണ് ഗിഗ് ഹാർബർ. 2020-ലെ സെൻസസ് കണക്കുകൾ പ്രകാരം കേവലം 12,000 പേർ മാത്രം താമസിക്കുന്ന ശാന്തസുന്ദരമായ ഈ നഗരത്തെ നടുക്കിയാണ് ഇപ്പോൾ ഈ കൂട്ടക്കുരുതി നടന്നിരിക്കുന്നത്.


