- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശത്രുക്കളെ വീപ്പയിലിലിട്ട് പുഴുങ്ങിക്കൊല്ലുന്ന 'ലോസ് സെറ്റാസ്', മൃതദേഹങ്ങള്‍ ആസിഡിലൊഴുക്കുന്ന തിജുവാന; ഡാന്‍സ് ഫ്ലോറിലേക്ക് അഞ്ച് മനുഷ്യത്തലകള്‍ എറിഞ്ഞ് വരവറിയിച്ച മിച്ചോക്കാന; മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ മെഞ്ചോയുടെ കൊലപാതകത്തോടെ മെക്‌സിക്കോ യുദ്ധക്കളമാകുന്നു; അധികാരം പിടിക്കാന്‍ ആറ് ഭീകര സംഘങ്ങള്‍ നേര്‍ക്കുനേര്‍!
എല്‍ മെഞ്ചോയുടെ കൊലപാതകത്തോടെ മെക്‌സിക്കോ യുദ്ധക്കളമാകുന്നു

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരി കടത്ത് സംഘങ്ങളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ സ്ഥാപകനും തലവനുമായ എല്‍ മെഞ്ചോ എന്നറിയപ്പെടുന്ന നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസിനെ കഴിഞ്ഞ ഞായറാഴ്ചയാണ് മെക്‌സിക്കന്‍ സൈന്യവും അമേരിക്കയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ വധിച്ചത്. ഇയാളുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലെ 20-ഓളം സംസ്ഥാനങ്ങള്‍ സംഘര്‍ഷഭരിതമായി. പ്രദേശത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ ശക്തമാക്കിയങ്കെിലും കാര്‍ട്ടല്‍ ഗുണ്ടാസംഘങ്ങള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അങ്ങേയറ്റം ക്രൂരമായ പീഡനമുറകളിലൂടെയും കൊലപാതകങ്ങളിലൂടെയുമാണ് എല്‍ മെഞ്ചോ തന്റെ മയക്കുമരുന്ന് സാമ്രാജ്യം ഭരിച്ചിരുന്നത്. ശത്രുക്കള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ അതിഭീകരമായ അക്രമണ രീതികളാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെക്‌സിക്കോയിലെ ചെറിയ ഗുണ്ടാസംഘങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ട് തന്റെ അധികാരം വ്യാപിപ്പിച്ചാണ് ഈ അധോലോക നായകന്‍ തന്റെ ലഹരിക്കടത്ത് സംഘത്തെ രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനല്‍ സംഘമാക്കി മാറ്റിയത്. മുന്‍ സിനലോവ കാര്‍ട്ടല്‍ തലവന്‍ ജോവാക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാനെ പത്തു വര്‍ഷം മുമ്പ് പിടികൂടിയതിന് ശേഷം മയക്കുമരുന്ന് മാഫിയകള്‍ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ കാര്‍ട്ടല്‍ സംഘങ്ങളുടെ തിരിച്ചടിയെ പ്രതിരോധിക്കാനും സുരക്ഷ ശക്തമാക്കാനും അധികൃതര്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍, നേതാവ് കൊല്ലപ്പെട്ടതോടെ അയാള്‍ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ എതിരാളികള്‍ തമ്മില്‍ മത്സരമുണ്ടാകുമെന്നും, ഇത് അതിഭീകരമായ അക്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമാകുമെന്നുമുള്ള ഭീതി വര്‍ദ്ധിക്കുകയാണ്. അത്തരത്തില്‍ മെക്‌സിക്കോയിലെ ആറ് അധോലോക സംഘങ്ങളുടെ നീക്കങ്ങളൊണ് ഏറെ ശ്രദ്ധയോടെ അധികൃതര്‍ വീക്ഷിക്കുന്നത്.
എല്‍ മെഞ്ചോ കൊല്ലപ്പെട്ടെങ്കിലും ആ ലഹരിസംഘം തന്നെയാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നതും. അമേരിക്കയിലേക്ക് മെത്താംഫെറ്റാമൈനും, ഫെന്റനൈലും കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് മാഫിയകളിലൊന്നാണ് ഹാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് പാതകളില്‍ എല്‍ മെഞ്ചോയ്ക്ക് ശക്തമായ നിയന്ത്രണമാണുണ്ടായിരുന്നത്. മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 21 എണ്ണത്തിലും ഹാലിസ്‌കോ കാര്‍ട്ടലിന് സാന്നിധ്യമുണ്ട്. കൂടാതെ അമേരിക്കയിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ഈ അധോലോക സംഘം സജീവവുമാണ്. എല്‍ മെഞ്ചോയുടെ കൊടുംക്രൂരമായ ഭരണകാലത്ത്, മയക്കുമരുന്ന് മാഫിയകളുടെ ലോകത്തെ ക്രൂരതയുടെ എല്ലാ പരിധികളും ലംഘിക്കുന്ന അതിഭീകരമായ പ്രവര്‍ത്തികളാണ് അരങ്ങേറിയത്. 2011-ല്‍ വെരാക്രൂസിലെ തിരക്കേറിയ വൈകുന്നേരത്ത് 35 പേരെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ നടുറോഡില്‍ ഉപേക്ഷിച്ച സംഭവത്തിന് പിന്നില്‍ സിജിഎന്‍ജി ആണെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം, ശത്രുപക്ഷത്തുള്ള ഗുണ്ടാത്തലവന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച് 10 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. 2015-ല്‍ ഒരു പിതാവിനെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനെയും ശരീരത്തില്‍ ഡൈനാമിറ്റുകള്‍ ഒട്ടിച്ചുവെച്ച് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തി. ഈ ഭീകരദൃശ്യം ചിരിച്ചുകൊണ്ട് മൊബൈലില്‍ പകര്‍ത്താനും ആ കൊലയാളി സംഘം മടിച്ചില്ല.മയക്കുമരുന്ന് കടത്തിന് പുറമെ എണ്ണ മോഷണം, മനുഷ്യക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലും സിജിഎന്‍ജി സജീവമാണ്.
എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ, ഈ ഭീമന്‍ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ നിയന്ത്രണം ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും, ഒസെഗ്വേരയുടെ മരുമകനായ ജൂലിയോ ആല്‍ബര്‍ട്ടോ കാസ്റ്റിലോ റോഡ്രിഗസ് അടുത്ത തലവനായേക്കുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഞായറാഴ്ച നടന്ന സൈനിക നീക്കത്തില്‍ കാര്‍ട്ടലിന്റെ ഏതൊക്കെ ഉന്നത നേതാക്കള്‍ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് യുഎസ് അധികൃതര്‍ക്ക് ഇപ്പോഴും സംശയമുണ്ട്. എല്‍ മെഞ്ചോയുടെ മകന്‍ 2020 മുതല്‍ അമേരിക്കയില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയില്‍ മോചിതയായ എല്‍ മെഞ്ചോയുടെ വിധവ റോസലിന്‍ഡ ഗോണ്‍സാലസിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല.
സിനലോവ കാര്‍ട്ടല്‍
ലോകത്തെ ഏറ്റവും വലുതും ശക്തവുമായ മയക്കുമരുന്ന് സാമ്രാജ്യങ്ങളിലൊന്നായി സിനലോവ കാര്‍ട്ടല്‍ ദീര്‍ഘകാലമായി അറിയപ്പെടുന്നു. കുപ്രസിദ്ധനായ മുന്‍ നേതാവ് ജോവാക്വിന്‍ ഗുസ്മാന്‍ ലോറ അഥവാ 'എല്‍ ചാപ്പോ'യിലൂടെയാണ് ഈ സംഘം ലോകശ്രദ്ധ നേടിയത്.
നിലവില്‍ ഹാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ ഏറ്റവും വലിയ എതിരാളികളായ ഇവര്‍, എല്‍ മെഞ്ചോയുടെ മരണത്തോടെ അവരുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നു. സിനലോവ കാര്‍ട്ടലിന് നിലവില്‍ ചുരുങ്ങിയത് രണ്ട് നേതൃത്വ ശൃംഖലകളുണ്ട്. അതില്‍ ആദ്യത്തേത്, 2024 ജൂലൈയില്‍ അമേരിക്കയില്‍ വെച്ച് അറസ്റ്റിലായ മുന്‍ നേതാവ് ഇസ്മായില്‍ സാംബാഡ ഗാര്‍സിയയുടെ ('എല്‍ മായോ') വിശ്വസ്തരുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു വിഭാഗം എല്‍ ചാപ്പോയുടെ മക്കളായ ജോവാക്വിന്‍ ഗുസ്മാന്‍ ലോപ്പസ്, ഒവിഡിയോ ഗുസ്മാന്‍ ലോപ്പസ്, ഇവാന്‍ ആര്‍ച്ചിവോള്‍ഡോ, ജീസസ് ആല്‍ഫ്രെഡോ എന്നിവരുടേതാണ്.
'കാര്‍ട്ടല്‍ ഡെല്‍ നോറെസ്റ്റെ
വടക്കുകിഴക്കന്‍ മെക്‌സിക്കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരമായ മയക്കുമരുന്ന് മാഫിയയാണ് 'കാര്‍ട്ടല്‍ ഡെല്‍ നോറെസ്റ്റെ'. മുന്‍പ് 'ലോസ് സെറ്റാസ്' എന്നറിയപ്പെട്ടിരുന്ന ഇവര്‍ മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. ഇവരുടെ മുന്‍ നേതാവായിരുന്ന മിഗ്വല്‍ ഏഞ്ചല്‍ ട്രെവിനോ മൊറാലസ് ക്രൂരതയുടെ പര്യായമായിരുന്നു. ശത്രുക്കളെ പീഡിപ്പിക്കാന്‍ ഇയാള്‍ സ്വീകരിച്ചിരുന്ന രീതികള്‍ കേട്ടാല്‍ ആരും നടുങ്ങും. 'സ്റ്റ്യൂ' എന്നറിയപ്പെട്ടിരുന്ന ഇയാളുടെ കൊലപാതക രീതി ലോകപ്രശസ്തമായിരുന്നു; ശത്രുക്കളെ 55 ഗാലന്‍ വലിയ വീപ്പകളില്‍ അടച്ച ശേഷം അതില്‍ പെട്രോളോ ഡീസലോ ഒഴിച്ച് ജീവനോടെ കത്തിച്ചു കളയുന്ന രീതിയായിരുന്നു ഇത്. ഡസന്‍ കണക്കിന് ആളുകളെ ജീവനോടെ തന്നെ ഇയാള്‍ വെട്ടിനുറുക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തനിക്ക് അജയ്യത ലഭിക്കുമെന്ന് വിശ്വസിച്ച് ഇയാള്‍ ഇരകളുടെ ഹൃദയം ഭക്ഷിക്കാറുണ്ടായിരുന്നുവെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2013-ല്‍ മൊറാലസ് അറസ്റ്റിലായതോടെ ഈ ഗുണ്ടാസംഘത്തിന്റെ തകര്‍ച്ച തുടങ്ങി. മറ്റൊരു പ്രധാന നേതാവായ ജുവാന്‍ ഗെരാര്‍ഡോ ട്രെവിനോ-ചാവേസ് 2022-ല്‍ അമേരിക്കയില്‍ പിടിയിലായി. ഇയാളുടെ വലംകൈ ആയിരുന്ന റിക്കാര്‍ഡോ ഗോണ്‍സാലസ് സൗസെഡ കഴിഞ്ഞ ഫെബ്രുവരിയില്‍ മെക്‌സിക്കോയില്‍ വെച്ച് അറസ്റ്റിലാവുകയും കഴിഞ്ഞ മാസം അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു. നിലവില്‍ മിഗുവല്‍ ഏഞ്ചല്‍ ഡി ആന്‍ഡ ലെഡെസ്മയാണ് ഈ സംഘത്തിന്റെ തലപ്പത്തുള്ളതെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. ഇയാള്‍ സംഘത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാര്‍ട്ടല്‍ തിജുവാന നുവ ജനറേഷന്‍
മുമ്പ് 'അരെല്ലാനോ-ഫെലിക്‌സ് കാര്‍ട്ടല്‍' എന്നറിയപ്പെട്ടിരുന്ന തിജുവാന കാര്‍ട്ടല്‍, മെക്‌സിക്കോയിലെ ഏറ്റവും വലുതും അക്രമാസക്തവുമായ മയക്കുമരുന്ന് സംഘങ്ങളിലൊന്നായിരുന്നു. അമേരിക്കയ്ക്കുള്ളില്‍ കൊക്കെയ്ന്‍, ഹെറോയിന്‍, മരിജുവാന, മെത്താംഫെറ്റാമൈന്‍ എന്നിവ കടത്തുന്നതിലും നേരിട്ട് തെരുവുകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിലും ഇവര്‍ പങ്കാളികളാണ്. 2006-ഓടെ ഇവരുടെ ശക്തി ക്ഷയിച്ച് ഏതാനും ചെറിയ ഗ്രൂപ്പുകളായി ഒതുങ്ങിയിരുന്നു. എന്നാല്‍ 2016-ല്‍ ഇവര്‍ CJNG-യുമായി സഖ്യമുണ്ടാക്കി 'കാര്‍ട്ടല്‍ തിജുവാന നുവ ജനറേഷന്‍' ആയി മാറി. എന്നാല്‍ തിജുവാന നഗരത്തിന്റെയും ബാജ കാലിഫോര്‍ണിയ മേഖലയുടെയും നിയന്ത്രണത്തിനായി CJNG-യുമായും സിനലോവയുമായും ഇവര്‍ നിരന്തരം ഏറ്റുമുട്ടുന്നതിനാല്‍ ഈ സഖ്യം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്.
ഈ സംഘത്തിലെ ഏറ്റവും കുപ്രസിദ്ധനായ സഹായിയായിരുന്നു സാന്തിയാഗോ മെസ. 'സ്റ്റ്യൂ മേക്കര്‍' എന്നറിയപ്പെട്ടിരുന്ന ഇയാള്‍ കുറഞ്ഞത് 300 മൃതദേഹങ്ങളെങ്കിലും ആസിഡില്‍ ലയിപ്പിച്ചു കളഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ തെളിവില്ലാതെ നശിപ്പിക്കുകയായിരുന്നു ഇയാളുടെ ചുമതല. ഇതിനായി കാര്‍ട്ടല്‍ ഇയാള്‍ക്ക് ആഴ്ചയില്‍ 600 ഡോളര്‍ ശമ്പളം നല്‍കിയിരുന്നു. 2009-ല്‍ ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ഫാമില്‍ നിന്ന് പതിനാലായിരത്തോളം മനുഷ്യശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 2012-ല്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക്, സംഘടിത കുറ്റകൃത്യങ്ങളിലും തട്ടിക്കൊണ്ടുപോകലിലുമുള്ള പങ്കാളിത്തം തെളിഞ്ഞതിനെത്തുടര്‍ന്ന് 2024-ല്‍ 30 വര്‍ഷം കൂടി അധിക തടവ് ശിക്ഷ വിധിച്ചു.
ലാ നുവേവ ഫാമിലിയ മിച്ചോവാക്കാന കാര്‍ട്ടല്‍
മെക്‌സിക്കന്‍ സംസ്ഥാനങ്ങളായ മിച്ചോവാക്കന്‍, ഗ്വിറേറോ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് 'ലാ നുവേവ ഫാമിലിയ മിച്ചോവാക്കാന'. 2014-ല്‍ മുന്‍ നേതാവ് നസാരിയോ മൊറേനോ ഗോണ്‍സാലസ് (അപരനാമം: 'എല്‍ ചായോ') കൊല്ലപ്പെട്ടതിനുശേഷം ഇവര്‍ക്ക് പഴയ പ്രതാപം നഷ്ടമായെങ്കിലും, കരുത്തിന്റെ കൊടുമുടിയില്‍ നിന്ന കാലത്ത് മെക്‌സിക്കന്‍ മയക്കുമരുന്ന് ലോകത്തെ അടക്കിഭരിച്ചിരുന്നത് ഈ സംഘമായിരുന്നു.
മെത്താംഫെറ്റാമൈന്‍ വിതരണത്തിനായി നെതര്‍ലന്‍ഡ്സ്, ഇന്ത്യ, ചൈന, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടായിരുന്നു. കൂടാതെ ചിക്കാഗോ, ഡാളസ്, ലോസ് ഏഞ്ചല്‍സ്, അറ്റ്ലാന്റ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്രിമിനല്‍ സംഘങ്ങളുമായും ഇവര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 'ലോസ് സെറ്റാസ്' എന്ന ഭീകരസംഘത്തില്‍ നിന്ന് പരിശീലനം ലഭിച്ചവരായിരുന്നു ഇതിന്റെ സ്ഥാപക അംഗങ്ങളില്‍ പലരും. അതുകൊണ്ട് തന്നെ അവരുടെ അക്രമാസക്തമായ പ്രവര്‍ത്തനരീതികള്‍ ഈ സംഘത്തിലും പ്രകടമായിരുന്നു. കേവലം ഒരു മയക്കുമരുന്ന് മാഫിയ എന്നതിലുപരി, ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത് തങ്ങളുടെ ദൈവികമായ അവകാശമാണെന്ന് വിശ്വസിക്കുന്ന ഒരു മതവിഭാഗത്തെപ്പോലെയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാര്‍ട്ടല്‍ ഡെല്‍ ഗോള്‍ഫോ
മെക്‌സിക്കോയിലെ ഏറ്റവും പഴക്കമേറിയ മയക്കുമരുന്ന് മാഫിയയായാണ് 'കാര്‍ട്ടല്‍ ഡെല്‍ ഗോള്‍ഫോ' അറിയപ്പെടുന്നത്. തുടക്കകാലത്ത്, അതായത് അമേരിക്കയില്‍ മദ്യനിരോധനം നിലനിന്നിരുന്ന സമയത്ത്, അവിടേക്ക് മദ്യം കടത്തിക്കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ വടക്കുകിഴക്കന്‍ മെക്‌സിക്കോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നു. 'ദി അക്കൗണ്ടന്റ്' എന്നറിയപ്പെടുന്ന ജോസ് ആല്‍ഫ്രെഡോ കാര്‍ഡനാസ്-മാര്‍ട്ടിനെസ് ആയിരുന്നു ഇവരുടെ അവസാനമായി അറിയപ്പെട്ട നേതാവ്; ഇയാള്‍ 2018-ന്റെ തുടക്കത്തില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഈ കാര്‍ട്ടലിനെ വല്ലാതെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഘടനയല്ല, മറിച്ച് സ്വാധീനം കുറഞ്ഞ ചെറിയ ചെറിയ ഗ്രൂപ്പുകളുടെ കൂട്ടായ്മ മാത്രമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പാണ് 'ഗ്രുപ്പോ സോംബ്ര' .
ചെറിയ സംഘമാണെങ്കിലും, പൊതുമധ്യത്തിലുള്ള വധശിക്ഷ നടപ്പിലാക്കലിലൂടെയും അംഗഭംഗം വരുത്തലിലൂടെയും പ്രദേശത്ത് ഭീതി നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന സിനലോവയില്‍ നിന്ന് വ്യത്യസ്തമായി, പഴയ രീതിയിലുള്ള ഭീഷണിപ്പെടുത്തലുകളും പ്രദേശങ്ങള്‍ പിടിച്ചെടുക്കലുമാണ് ഗോള്‍ഫോ കാര്‍ട്ടല്‍ പിന്തുടരുന്നത്. ഇത് അവര്‍ക്ക് തിരിച്ചടിയാവുകയും തുക്‌സ്പാന്‍ പോലുള്ള ഇടങ്ങളില്‍ ഇവര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും ചെയ്തു.


