ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാനിലെ നൂറുകണക്കിന് കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം. ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ ആദ്യദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയാണ് ഇസ്രായേല്‍ വ്യോമസേന എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ഇസ്രയേലിലേക്ക് ഇറാനില്‍ നിന്ന് നേരിടുന്ന ഭീഷണികളെ തടയാന്‍ വ്യോമപ്രതിരോധ ശ്രേണി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പോസ്റ്റില്‍ പറഞ്ഞു

ഇറാനില്‍ വ്യോമസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാന്തരമായി, ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും സൈന്യം അറിയിച്ചു. മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു.

ഇറാനെതിരെ അമേരിക്കയുമായി ഏകോപിപ്പിച്ച് നടത്തിയ ആക്രമണങ്ങള്‍ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി വ്യോമസേന വ്യക്തമാക്കി. രണ്ട് സഖ്യകക്ഷികളും മാസങ്ങളായി നടത്തിയ സംയുക്ത ആസൂത്രണത്തിന് ശേഷമാണ് ആക്രമണമെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. 'ഡസന്‍ കണക്കിന് സൈനിക ലക്ഷ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, ഭരണകൂടത്തിനെതിരായ വിശാലമായ, ഏകോപിത, സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്,' സൈന്യം അറിയിച്ചു.

ഖമനേയിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലാണ് ആദ്യ ആക്രമണങ്ങള്‍ നടന്നത്. ഖമനേയിയെ ഇതിനകം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍, ഇറാനിലെ തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബിലുള്ള പെണ്‍കുട്ടുകളുടെ സ്‌കൂളിന് നേകെ നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ കൊല്ലപ്പെട്ടന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം ഇറാനിയന്‍ ആക്രമണങ്ങളുടെ രണ്ടാം ഘട്ടം തടഞ്ഞതായി യു.എ.ഇ അറിയിച്ചു. തലസ്ഥാനമായ അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല, ആദ്യ ആക്രമണത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി.

ആക്രമണത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. എന്നാല്‍ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം. യുദ്ധം ഇറാനിലും ഇസ്രയേലിലും മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നാണ് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു.എ.ഇ ഇറാനില്‍ നിന്നുള്ള രണ്ടാം ഘട്ട മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞു. തലസ്ഥാനമായ അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു. ഇറാന്‍സൈനിക താവളങ്ങള്‍ക്കേറ്റ പ്രഹരത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ വ്യാപ്തിയും ഇറാന്‍ നല്‍കാന്‍ പോകുന്ന തിരിച്ചടിയും വരും മണിക്കൂറുകളില്‍ പശ്ചിമേഷ്യയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.