ജനീവാ/ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ വധത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര യുദ്ധം ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സ് രംഗത്തെത്തി. ഇറാന്‍ സ്വയം 'ഇര'യായി ചമയുകയാണെന്നും എന്നാല്‍ അവരുടെ ഭൂതകാലം രക്തപങ്കിലമാണെന്നും അദ്ദേഹം ആരോപിച്ചു. നേരിട്ടല്ലാതെ നിഴല്‍രൂപങ്ങള്‍ (Proxy groups) വഴി ഡൊണാള്‍ഡ് ട്രംപിനെ ഇല്ലാതാക്കാന്‍ ടെഹ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധസാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വാള്‍ട്ട്‌സിന്റെ ആരോപണം.

കഴിഞ്ഞ 47 വര്‍ഷമായി 'അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി രാജ്യാന്തര സമാധാനം ഇറാന്‍ തകര്‍ക്കുകയാണെന്ന് വാള്‍ട്ട്സ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് ആരംഭിക്കുമ്പോഴെല്ലാം ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അവസാനിക്കാത്ത രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും പ്രചാരണമാണ് അവര്‍ നടത്തിയത്. പ്രകോപനമില്ലാതെ തന്നെ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നിരവധി സായുധ ആക്രമണങ്ങള്‍ ഇറാന്‍ നടത്തി. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലുടനീളം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തിയതിന് ഇറാന്‍ ഉത്തരവാദികളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും അവര്‍ വധിക്കാന്‍ ശ്രമിച്ചു.' മൈക്ക് വാള്‍ട്ട്‌സ് ആരോപിച്ചു.

നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിട്ടും ആണവ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ തയ്യാറായില്ല. രാജ്യാന്തര കപ്പല്‍ പാതകളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി. ഇറാന്റെ ഭീഷണികളെ നേരിടാന്‍ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക സ്വീകരിക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള നിയമപരമായ നടപടികളാണെന്നും മൈക്ക് വാള്‍ട്ട്സ് വിശദീകരിച്ചു.

പരസ്യമായി ഇരയാണെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ മോശമായ പ്രവൃത്തികള്‍ 'മറച്ചുവെക്കാനും മൂടിവെക്കാനും' നേരിട്ട് മാത്രമല്ല, മറിച്ച് തങ്ങളുടെ നിഴല്‍രൂപങ്ങള്‍ വഴിയും ടെഹ്റാന്‍ ശ്രമിച്ചതായി വാള്‍സ് ആരോപിച്ചു. ഇറാന്റെ ഭീഷണി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയെയും, അമേരിക്കന്‍ സൈനികരെയും, വിദേശത്തുള്ള താവളങ്ങളെയും, പങ്കാളികളെയും, ലോകമെമ്പാടുമുള്ള സഖ്യകക്ഷികളെയും നേരിട്ട് അപകടത്തിലാക്കുന്നതാണ്. ഇറാനുമായുള്ള ഈ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ആ അവസരം പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍, ഇസ്രായേല്‍ സര്‍ക്കാരുമായി അടുത്ത ഏകോപനത്തോടെ, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഈ ഭീഷണികളെ നേരിടാന്‍ അമേരിക്ക നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തച്ചൊരിച്ചിലിനും ക്രമക്കേടിനും കാരണമാകുന്നത് ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകളാണ്. ഇറാന്‍ അമേരിക്കയുടെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്നു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നുണ്ടെന്നും മൈക്ക് വാള്‍ട്ട്സ് കുറ്റപ്പെടുത്തി. നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിട്ടും ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകാത്തത് ആണവ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഇറാന്റെ ഈ നിലപാടിനെതിരെ അമേരിക്ക സ്വീകരിക്കുന്ന 'നിയമപരമായ നടപടി'കളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മൈക്ക് വാള്‍ട്ട്സ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് 86കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനെയി ടെ?ഹ്‌റാനിലെ വസതിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഈ 'വലിയ കുറ്റകൃത്യത്തിന് ഒരിക്കലും ഉത്തരം ലഭിക്കാതെ പോകില്ല' എന്ന് ഇറാനിയന്‍ മന്ത്രിസഭ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. ഇറാന്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യില്‍ ടോമോഹോക്ക് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രായേല്‍-യുഎസ് സഖ്യം ആക്രമണം നടത്തിയത്. 1600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം പോലും തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണ് ഇറാനെതിരെ പ്രയോഗിക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച 86-കാരനായ ഖമനെയി സ്വന്തം വസതിയിലാണ് കൊല്ലപ്പെട്ടത്. മധ്യേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് ലോകം.