- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒമാനെ ലക്ഷ്യമിട്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; എണ്ണക്കപ്പലും ദുക്കം തുറമുഖവും ആക്രമിക്കപ്പെട്ടു; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; 15 ഇന്ത്യക്കാര്‍ മരണമുഖത്ത് നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! യുദ്ധ ഭീതിയില്‍ ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു; സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനമില്ലെന്ന് അറിയിപ്പ്

മസ്‌കറ്റ്: ഇറാന്‍ - അമേരിക്ക - ഇസ്രയേല്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തുന്നതിനിടെ ഒമാനിലെ ദുക്കം തുറമുഖത്തും ഖസബില്‍ എണ്ണക്കപ്പലിനു നേരെയും ഇറാന്റെ ആക്രമണം. ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകള്‍ വീണത്. ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്‌കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ആക്രമണമുണ്ടായി. സ്‌ഫോടനത്തിന് പിന്നാലെ കപ്പലില്‍ വന്‍ തീപ്പിടിത്തമുണ്ടായി. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 15 ഇന്ത്യക്കാരടക്കം 20 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇന്ധന ടാങ്കറിലെ എല്ലാ ജീവനക്കാരേയും ഒഴിപ്പിച്ചു. ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാണിജ്യ തുറമുഖമായ ദുകമില്‍ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഇതില്‍ ഒരു ഡ്രോണ്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിക്കുകയും ഒരു വിദേശ തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഇന്ധന ടാങ്കുകള്‍ക്ക് സമീപം വീണെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാന്റെ മധ്യ-കിഴക്കന്‍ തീരത്ത് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ അറേബ്യന്‍ കടലിന്റെ തീരത്തുള്ള ദുക്കം തുറമുഖം തലസ്ഥാനമായ മസ്‌കറ്റില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഹോര്‍മുസ് കടലിടുക്കിന് സമീപം മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ 'സ്‌കൈലൈറ്റ്' എന്ന ഓയില്‍ ടാങ്കറിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉള്‍പ്പെടെ 20 ജീവനക്കാരെയും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഒമാന്‍ സുല്‍ത്താനേറ്റ്, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അറിയിച്ചു. സൈനിക കേന്ദ്രങ്ങളുടെയോ സുരക്ഷാ ഉപകരണങ്ങളുടെയോ ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഒമാന്‍ പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളോട് നിര്‍ദേശിച്ചു.
അതേ സമയം ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാല്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി. 'സിഎന്‍എന്നി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്നലെ മുതല്‍ ഇറാന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.
സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 10,12 ക്ലാസുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടര്‍ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.


