- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സൗദിയിലെ അരാംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരേ ഇറാന്റെ ഡ്രോണ്‍ ആക്രമണം; തൊടുത്തത് പതിച്ചത് രണ്ട് ഡ്രോണുകള്‍; തീയും പുകയും ഉയരുന്നു; റാസ് തനുര റിഫൈനറി അടച്ചുപൂട്ടി; എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയില്‍നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമമായ എക്സിലടക്കം ചില മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
രാവിലെയാണ് ആക്രമണം ഉണ്ടായത്. ഷഹീദ് 136 ഡ്രോണ്‍ ആണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രോണ്‍ പതിച്ചതിന് പിന്നാലെ തീ പിടിത്തമുണ്ടായെന്നും വലിയ പുക ഉയര്‍ന്നുവെന്നും ആളുകള്‍ കുറിക്കുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സൗദി അറിയിച്ചു. ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരാംകോയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാന്‍ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്ലാന്റ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം, ഹൂതികളാണ് ആക്രമണം നടത്തിയതെന്നും ഇറാന്‍ നേരിട്ടല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കില്ല
ആക്രമണം എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്ലാന്റ് അടച്ചിട്ടത് ഭാവിയില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ അരാംകോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുവൈത്തില്‍ എംബസി മുന്നറിയിപ്പ്
യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് മിസൈല്‍- ഡ്രോണ്‍ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളില്‍ തന്നെ തുടരുകയും ജനാലകളില്‍ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കണമെന്നും നിര്‍ദേശിച്ചു.
ലെബനനില്‍ നിന്നും ഹിസ്ബുല്ലയും ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. സൈനിക നടപടി തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കുവൈത്തിലെ യുഎസ് എംബസിയിലും ദുബായിലും അബുദബിയിലും ദോഹയിലും ബഹ്‌റൈനിലുമടക്കം ഇറാന്‍ കടുത്ത ആക്രമണമാണ് നടത്തിയത്. അമേരിക്കയുടെ എഫ്15 ഇഗിള്‍ യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട ഇറാന്‍,പടിഞ്ഞാറന്‍ കുവൈത്തില്‍ ഇത് തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
സ്ഥിഗതികള്‍ കലുഷിതമായി തുടരുന്നതിനിടെ യുഎസിനൊപ്പം അണിചേരുമെന്ന് ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈന്‍,ജോര്‍ദന്‍,ഖത്തര്‍,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. അടിയന്തര യോഗം ചേര്‍ന്ന ജിസിസി വിദേശകാര്യമന്ത്രിമാര്‍ ഇറാന് തിരിച്ചടി നല്‍കുമെന്ന സൂചനയുമായി രംഗത്തെത്തി. ജിസിസിയെ പ്രതിനിധീകരിച്ച് ഒമാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് വീണ്ടും നീക്കം തുടങ്ങി


