ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തി അതിരൂക്ഷമാകുന്നു. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1097 പിന്നിട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. വ്യോമാക്രമണത്തില്‍ ടെഹ്‌റാനിലെ സുരക്ഷാ ആസ്ഥാനങ്ങളും പ്രധാന കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാന്‍ പരമാധികാരി ആയത്തുല്ല ഖമനയിയുടെ സ്മരണാര്‍ത്ഥം നടത്താനിരുന്ന ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയി ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചതായാണ് വിവരം. ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്. ഇറാന് പുറമെ ലെബനനിലും ഇസ്രയേല്‍ അതിക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ നീക്കം. അതിനിടെ ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കന്‍ തീരത്ത് തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലായ ഐ.ആര്‍.ഐ.എസ്. ഡെനയില്‍നിന്ന് നൂറിലേറെപ്പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചു. ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു.

അതേസമയം ഇറാനില്‍ നിന്ന് വിക്ഷേപിച്ച 10 ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും തടഞ്ഞതായി ഖത്തര്‍ അറിയിച്ചു. 3 മിസൈലുകളും 121 ഡ്രോണുകളും വെടിവച്ചിട്ടതായി യുഎഇയും അറിയിച്ചു. ഇറാഖിന്റെയും സിറിയയുടെയും വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ ഇറാനില്‍ നിന്നുള്ള മിസൈല്‍ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി തുര്‍ക്കി അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 65,000 പേര്‍ ഷെല്‍ട്ടറുകളില്‍ റജിസ്റ്റര്‍ ചെയ്തതായി ലബനാന്‍ മന്ത്രി അല്‍ജസീറയോട് വെളിപ്പെടുത്തി.

ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ദീര്‍ഘകാല യുദ്ധത്തിന് തയാറാണെന്നും തങ്ങളുടെ പക്കലുള്ള ഏറ്റവും അത്യാധുനിക ആയുധങ്ങള്‍ ഇതുവരെ പുറത്തെടുത്തിട്ടില്ലെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് പിന്നാലെ, ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയും ആക്രമണശ്രമമുണ്ടായി. ദുബായില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ഇറാന്‍ വിക്ഷേപിച്ച നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഖത്തര്‍, യുഎഇ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വെടിവച്ചിട്ടു. യുഎഇയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ ഫ്രഞ്ച് റഫാല്‍ വിമാനങ്ങളാണ് തകര്‍ത്തത്.

യുഎഇയെ ലക്ഷ്യമിട്ട ഇറാന്‍ ഡ്രോണുകളെ റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഫ്രാന്‍സ് പറഞ്ഞു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാന്‍സ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്‌നമുള്ളതിനാല്‍ ലാഹോര്‍, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാന്‍ യുഎസ് നിര്‍ദേശിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റമില്ല. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി സൗദി അറേബ്യ, ഒമാന്‍, സൈപ്രസ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം വിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 'വധിക്കപ്പെടാനുള്ള ലക്ഷ്യം' ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞു.

''ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും'' കാട്‌സ് കുറിച്ചു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതന്‍ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാന്‍ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, നീതിന്യായ പണ്ഡിതന്‍ ഗുലാം ഹുസൈന്‍ മുഹ്‌സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങള്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ തറച്ച് പെണ്‍കുട്ടി മരിച്ചു. ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് 11 വയസ്സുകാരി മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ''ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി''ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സന്ദ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9വരെയാണ് പ്രവര്‍ത്തനം.

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് ഇറാന്‍ തയാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ''ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്,'' മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു. ''ഞങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലെ യുഎസ് കോണ്‍സുലേറ്റിനു നേരെയും ഇറാന്റെ ആക്രമണശ്രമമുണ്ടായി. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തം നിയന്ത്രിക്കാന്‍ സാധിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു.